കാബൂള്‍: താലിബാന്‍ തലവന്‍ മുല്ലാ അഖ്തര്‍ മന്‍സൂര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച അഫ്ഗാന്‍ താലിബാന്‍ ഹൈബത്തുല്ല അഖുന്‍സാദയെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തെരെഞ്ഞെടുത്തു. അമേരിക്കന്‍ ആക്രമണത്തില്‍ പാകിസ്താനില്‍ വെച്ച് മുല്ലാ മന്‍സൂര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു. സിറാജുദ്ദീന്‍ ഹഖാനിയെയും മുല്ലാ യഅ്ഖൂബിനെയും ഉപാധ്യക്ഷന്‍മാരായും തെരെഞ്ഞെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുല്ലാ മന്‍സൂര്‍ താലിബാന് നേതൃത്വം നല്‍കിയിരുന്ന സമയത്തെ ഉപാധ്യക്ഷനായിരുന്നു അഖുന്‍സാദ.മുല്ലാ മന്‍സൂര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇത്തരത്തില്‍ അമേരിക്ക കൊലപ്പെടുത്ത ആദ്യ താലിബാന്‍ നേതാവായിരിക്കും ഇദ്ദേഹം. അമേരിക്ക ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ആക്രമണം തങ്ങളുടെ പരമാധികാരത്തിലുള്ള കൈകടത്തലാണെന്ന് പാകിസ്താന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണം സമാധാന ചര്‍ച്ചകളെ ദോഷകരമായി ബാധിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം ഇസ്‌ലാമാബാദിലെ അമേരിക്കന്‍ അംബാസഡറെ അറിയിച്ചിട്ടുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി.


വ്യോമാക്രമണം നടന്നതിന്റെ സമീപത്ത് നിന്നും വാലി മുഹമ്മദ് എന്ന പേരിലുള്ള പാകിസ്താന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയിരുന്നു. അദ്ദേഹം മുല്ലാ മന്‍സൂറിന്റെ അടുത്തയാളാണെന്നാണ് കരുതപ്പെടുന്നത്. അയാള്‍ക്ക് ഇറാനിലേക്കുള്ള വിസയുണ്ടായിരുന്നു എന്നും പാകിസ്താന്‍ ഭരണകൂടം പറഞ്ഞു. അദ്ദേഹം ഇറാനില്‍ നിന്നാണ് പാകിസ്താനിലേക്ക് കടന്നതെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു.