കറാച്ചി: പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു അറുതിയുമില്ല. പാക്കിസ്ഥാനിലെ താറിലെ ഒരു ഗ്രാമത്തില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയതാണ് ഏറ്റവും പുതിയ സംഭവം. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ ആണ് ഈ വിവിരം പുറത്തുവിട്ടത്.  


ആദ്യം പെണ്‍കുട്ടിയെ ഇസ്ലാം മതത്തിലേയ്ക്ക് മാറ്റുകയും അതിനുശേഷം പെണ്‍കുട്ടിയുടെ വിവാഹവും നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് ഇത് സംബന്ധിച്ച കാര്യം വെളിപ്പെടുത്തിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആയുധധാരികളായ മൂന്ന് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടി ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല പെണ്‍കുട്ടിയെ രക്ഷിക്കുവാന്‍ പോലും പൊലിസിന്‍റെ ഒരു സഹായവും കിട്ടിയില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ വിമര്‍ശിച്ചു.  പെണ്‍കുട്ടിയുടെ കുടുംബക്കാര്‍ പറയുന്നത് അവിടെയുള്ള ലോക്കല്‍ പോലീസിന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ഒരു താല്പര്യവും ഇല്ലയെന്നാണ്.  എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറഞ്ഞ മൂന്നുപേരെ അറസ്റ്റു ചെയ്യാന്‍ അന്വേഷണം നടത്തുകയാണെന്നും  താറിലെ പോലീസ് സൂപ്രണ്ട് പറഞ്ഞു.