മെക്സിക്കോ സിറ്റി: ഭൂമികുലുക്കം തകര്‍ത്ത മെക്സിക്കോയില്‍ രക്ഷാപ്രവര്‍ത്തനം മൂന്ന് ദിവസം പിന്നിടുമ്പോള്‍ ഏവരുടേയും ശ്രദ്ധയും ആദരവും നേടുന്നത് ഫ്രിദയാണ്. മെക്സിക്കന്‍ നേവിയുടെ കനൈന്‍ യൂണിറ്റിലെ അംഗമാണ് ഏഴ് വയസുകാരിയായ ഫ്രിദ എന്ന ലാബ്രഡോര്‍. പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് 52 ജീവനുകളെ രക്ഷപ്പെടുത്തിയ റെക്കോര്‍ഡുണ്ട് ഫിദയ്ക്ക് പറയാന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച മെക്സിക്കോയിലുണ്ടായ ഭൂചലനം കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ സംഭവിച്ചതില്‍ ഏറ്റവും തീവ്രതയേറിയതായിരുന്നു. ഇരുന്നൂറിലധികം പേര്‍ ഭൂചലനത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. നിരവധി പേര്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ കണ്ടെത്തുന്നതിനാണ് ഫിദയുടെ നേതൃത്വത്തിലുള്ള ഡോഗ് സ്ക്വാഡിനെ നിയോഗിച്ചിരിക്കുന്നത്. 


മൂന്ന് ദിവസത്തിനിടയില്‍ നിരവധി ജീവനുകളെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് ഫിദ കണ്ടെത്തിയിരുന്നു. തുറന്ന സൈനിക വണ്ടിയില്‍ വിവിധ ദുരന്തമുഖങ്ങളിലേക്ക് സഹായത്തിനായി കൊണ്ടുപോകുന്ന ഫ്രിദയെ നിറഞ്ഞ കയ്യടിയോടെയാണ് മെക്സിക്കന്‍ ജനത സ്വീകരിച്ചത്. ഫ്രിദയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്.


 



 


ഭൂമികുലുക്കത്തില്‍ തകര്‍ന്ന മെക്‌സിക്കോ നഗര മധ്യത്തിലെ എന്‍റീക്  റബ്‌സ്മന്‍ പ്രൈമറി സ്‌കൂള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ ആരെങ്കിലും ഇനിയും അവശേഷിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്ന ഉദ്യമത്തിലാണ് ഇപ്പോള്‍ ഫ്രിദ. 19 വിദ്യാര്‍ത്ഥികളടക്കം 25 പര്‍ ഈ കെട്ടിടം തകര്‍ന്നപ്പോള്‍ കൊല്ലപ്പെട്ടിരുന്നു. കണ്ണുകളില്‍ ഗ്ലാസും കൈകാലുകളില്‍ ബൂട്ട്സും ശരീരത്തില്‍ സുരക്ഷാകവചവും ധരിച്ചുകൊണ്ട് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്‍റെ തുടുപ്പുകള്‍ തേടിപ്പോകുന്ന ഫ്രിദയെ വലിയ പ്രതീക്ഷയോടെയാണ് മെക്സിക്കോ കാത്തിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരുടെയെങ്കിലും ജീവന്‍റെ മിടിപ്പ് ഫ്രിദ കണ്ടെത്തുമെന്ന പ്രതീക്ഷ. 


ഫ്രിദയുടെ ധീരതയെ മെക്സിക്കന്‍ പ്രസിഡന്‍റും അഭിനന്ദിച്ചു. ഫ്രിദയെക്കുറിച്ച്  'ദ ടെലിഗ്രാഫ്' തയ്യാറാക്കിയ വിഡിയോ കാണാം