ഇമ്രാൻ ഖാൻ പുറത്ത്; രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ പാക്കിസ്ഥാനിൽ അവിശ്വാസപ്രമേയം പാസായി
പാക് ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസ പ്രമേയത്തിലൂടെ ഒരു പ്രധാന മന്ത്രിയെ പുറത്താക്കുന്നത്.
പാകിസ്ഥാനിൽ അരങ്ങേറിയ അതി നാടകീയ നീക്കങ്ങൾക്കൊടുവിൽ അവിശ്വാസ പ്രമേയം പാസായി. ഇതോടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധികാരത്തിൽ നിന്ന് പുറത്തായി. പാക് ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസ പ്രമേയത്തിലൂടെ ഒരു പ്രധാന മന്ത്രിയെ പുറത്താക്കുന്നത്. ഭരണകക്ഷി അംഗങ്ങൾ വിട്ടുനിന്ന വോട്ടെടുപ്പിൽ 174 വോട്ടുകൾക്കായിരുന്നു അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷനൽ അസംബ്ലിയിൽ 172 വോട്ടായിരുന്നു വേണ്ടിയിരുന്നത്. അവിശ്വാസപ്രമേയം പാസായി മിനിറ്റുകൾക്കകം ഇമ്രാൻ ഔദ്യോഗികവസതി ഒഴിയുകയും ചെയ്തു.
വോട്ടെടുപ്പിനു തൊട്ടുമുൻപ് നാഷനൽ അസംബ്ലി സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും രാജിവച്ചിരുന്നു. ഇതിനെ തുടർന്ന് ഇടക്കാല സ്പീക്കറെ നിയോഗിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്. പുതിയ പ്രധാനമന്ത്രിയെ നാളെയാകും തിരഞ്ഞെടുക്കുക. പ്രതിപക്ഷനേതാവും മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയാകുമെന്നുള്ള സൂചനകളും ഈ ഘട്ടത്തിൽ പുറത്തു വരുന്നുണ്ട്.
അവിശ്വാസ പ്രമേയ നടപടികൾക്കായി ഇന്നലെ രാവിലെ പാർലമെന്റ് ചേർന്നെങ്കിലും വോട്ടെടുപ്പു നടത്താതെ സമ്മേളനം രാത്രി വരെ വലിച്ചുനീട്ടിയിരുന്നു. രാത്രി 9നു ചേർന്ന അടിയന്തര മന്ത്രിസഭാ യോഗം ഇമ്രാൻ ഖാൻ രാജിവയ്ക്കേണ്ടതില്ലെന്ന തീരുമാനമെടുത്തു പിരിയുകയും ചെയ്തിരുന്നു. അതിനിടെ, സേനാ മേധാവി ഖമർ ജാവേദ് ബജ്‌വ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്ന് പാർലമെന്റിനു പുറത്ത് സൈനികവ്യൂഹം നിരന്നു.
വോട്ടെടുപ്പിനു സഭാ സ്പീക്കർ അനുവദിക്കാത്തതിനെത്തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമർ ബന്ദ്യാൽ അർധരാത്രി പ്രത്യേക സിറ്റിങ്ങിനു കോടതി തുറക്കാൻ നിർദേശം നൽകുകയായിരുന്നു. സൈന്യത്തിന്റെയും സുപ്രീം കോടതിയുടെയും നിർണായക ഇടപെടലോടെയാണ് അവിശ്വാസപ്രമേയ വോട്ടെടുപ്പ് നീട്ടിവയ്ക്കാനുള്ള ഇമ്രാന്റെ തന്ത്രം പാളിയത്. രാവിലെ പത്തരമുതൽ 14 മണിക്കൂർ നീണ്ട രാഷ്ട്രീയനാടകത്തിനാണ് ഇതോടെ അന്ത്യം കുറിച്ചത്. രാവിലെ സഭ ചേർന്നപ്പോൾ പ്രതിപക്ഷ എതിർപ്പുകളെ അവഗണിച്ച് ഇമ്രാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫിന്റെ മന്ത്രിമാർ നീണ്ട പ്രസംഗങ്ങളുമായി നടപടികൾ നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
പകൽ പലപ്പോഴായി നാലു തവണ സഭ നിർത്തിവച്ചിരുന്നു. തുടർന്ന് രാത്രി എട്ടിനു ദേശീയ അസംബ്ലി വീണ്ടും ചേരുകയായിരുന്നു. വിദേശ ശക്തിയുടെ ഇടപെടലാണ് ഈ അവിശ്വാസ പ്രമേയത്തിന് പിന്നിലെന്നാണ് ഇമ്രാൻ ഖാന്‍റെയും പാർട്ടിയുടെയും പ്രധാന ആരോപണം. ഒരു അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കും വഴങ്ങാത്ത ഇന്ത്യയുടെ വിദേശകാര്യ നയം മാതൃകയാക്കണമെന്ന് കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ പറഞ്ഞിരുന്നതും ചർച്ചകൾക്ക് വഴി വച്ചിരുന്നു.