മോസ്കോ: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്ന സാഹചര്യത്തില്‍  ഇരു രാജ്യങ്ങളുടെയും  വിദേശ കാര്യ മന്ത്രിമാരുടെ നിര്‍ണ്ണായക കൂടിക്കാഴ്ച...


COMMERCIAL BREAK
SCROLL TO CONTINUE READING

മോസ്കോയില്‍ ഷാങ്ഹായ് ഉച്ചകോടിക്കിടെയാണ്  അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി, വാങ്ങ്‍യിയും തമ്മില്‍  കൂടിക്കാഴ്ച നടത്തുക. 


വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ത്യന്‍  സമയം വൈകിട്ട്  6 മണിക്കാണ് നടക്കുക. 


അതിര്‍ത്തിയില്‍  ചൈനീസ് സൈന്യം നടത്തുന്ന പ്രകോപനപരമായ നീക്കങ്ങളില്‍ നിന്ന്   ചൈന പിന്നോട്ട് പോകണമെന്നാണ് ഇന്ത്യയുടെ നിലപാട്.  സൈന്യത്തെ പിന്‍വലിക്കാന്‍ ചൈന തയ്യാറായാല്‍ മാത്രമേ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുകയുള്ളൂ എന്നാണ് വിദേശ കാര്യ മന്ത്രി ജയശങ്കര്‍ വ്യക്തമാക്കിയിട്ടുള്ളത് അതിര്‍ത്തിയില്‍ സമാധാനം ആഗ്രഹിക്കുന്ന ഇന്ത്യ ഇക്കാര്യം  ആവര്‍ത്തിക്കുമെന്നാണ്  സൂചന. 


ഷാങ്ഹായ് ഉച്ചകോടിയ്ക്കിടെ ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ തമ്മിലും കൂടിക്കാഴ്ച നടത്തിയിരുന്നു. ധാരണകള്‍ പാലിക്കാനും സേനാ പിന്മാറ്റം പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പാക്കാനും പ്രതിരോധമന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. എന്നാല്‍,  ഈ കൂടിക്കാഴ്ചയിലൂടെയും അതിര്‍ത്തി  സംഘര്‍ഷത്തില്‍ യാതൊരു അയവും വന്നില്ല.


നിയന്ത്രണ രേഖയില്‍ നിന്നുമുള്ള സേനാ പിന്‍മാറ്റം അടക്കമുള്ള കാര്യങ്ങളാണ് ഇന്ത്യ ചൈനയോട് ആവശ്യപ്പെടുന്നത് . അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ട് വന്‍ സൈനിക വിന്യാസമാണ് ചൈന നടത്തുന്നത്.  അതിര്‍ത്തിയില്‍ ആറായിരത്തില്‍പ്പരം സൈനികരെ ചൈന അധികമായി വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.


Also read: India China border issue: സാഹചര്യം അതീവ ഗുരുതരം , രാഷട്രീയ നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ച അനിവാര്യ൦; വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍


അതേസമയം,  വലിയ വഴിത്തിരിവുകള്‍ക്കുള്ള സാധ്യത കുറവാണെന്നാണ്  ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.