ഇറാനുമായുള്ള സഹകരണം കൂടുതൽ വർധിപ്പിക്കുമെന്ന് യുകെ. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. ഇറാനു മുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ആണവ ഉപരോധം നീക്കുന്ന മുറയ്ക്ക് കൂടുതൽ സഹകരണം നടത്താനാണ് ബ്രിട്ടന്‍റെ തീരുമാനം. ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ള ഇറക്കുമതിക്ക് ഇതുവഴി തെളിക്കുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യ യുക്രൈനിൽ അധിനിവേശം നടത്തിയതിനെ തുടർന്ന് യുകെ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി കുറച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഉൽപാദന രാജ്യങ്ങളിൽ ഒന്നായ ഇറാനുമായി ബ്രിട്ടൻ അടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.

 

ഇക്കഴിഞ്ഞ മാർച്ച് 16ന് 400 മില്യൺ പൗണ്ട് ഇറാന് യുകെ നൽകിയിരുന്നു. 1970ൽ ഏർപ്പെട്ട ഒരു കരാർ പൂർത്തീകരിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇത്രയും പണം യുകെ ഇറാന് മടക്കി നൽകിയത്. സൈനിക ടാങ്കുകൾ നൽകാനുള്ള കരാറിൽ ആദ്യം ഏർപ്പെട്ട ശേഷം പിന്നീട് ഉണ്ടായ സംഘർഷങ്ങളെ തുടർന്ന് യുകെ ഇതിൽ നിന്ന് പിന്മാറിയിരുന്നു. ഇത്രയും പണം തിരികെ നൽകിയതിനെ തുടർന്നാണ് ഇറാനുമായുള്ള ബ്രിട്ടന്‍റെ സഹകരണം വീണ്ടും ചർച്ചയായത്. 

 

ആണവായുധ പരീക്ഷണങ്ങൾ നടത്തിയതിനെ തുടർന്നാണ് ഇറാന് മേൽ കടുത്ത സാമ്പത്തിക ഉപരോധം വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയത്. 2015ൽ ചൈന, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങളും ജർമ്മനിയും യൂറോപ്യൻ യൂണിയനും ഇറാനുമായി കരാറിൽ ഏർപ്പെട്ട ശേഷം ഉപരോധ നടപടികൾ അവസാനിപ്പിച്ചിരുന്നു. ഇതെ തുടർന്ന് രാജ്യാന്തര തലത്തിൽ വിവിധ വാണിജ്യ ഇടപാടുകൾ നടത്താൻ ഇറാന് സാധിച്ചിരുന്നു. എന്നാൽ 2018ൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഈ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി. ട്രംപ് ഭരണകൂടം ഇറാന് മേൽ പിന്നീട് കുടത്ത ഉപരോധങ്ങളും ഏർപ്പെടുത്തി. ഇതെ തുടർന്ന് ഇറാനു രാജ്യാന്തര തലത്തിൽ ഇടപാടുകൾ നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായി.

 

ക്രൂഡ് ഓയിൽ വിപണിയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന രാഷ്ട്രമാണ് ഇറാൻ. ക്രൂഡ് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇറാൻ ലോകത്ത് തന്നെ ഏഴാം സ്ഥാനത്താണ്. എന്നാൽ കടുത്ത ഉപരോധങ്ങൾ നേരിടുന്നതിനാൽ ഇവർക്ക് ക്രൂഡ് രാജ്യാന്തര തലത്തിൽ വിൽക്കുന്നതിന് ഉൾപ്പെടെ നിയന്ത്രണം ഉണ്ട്. പുതിയ ലോകസാഹചര്യങ്ങളിൽ ഇത്തരം നടപടികളിൽ മാറ്റം ഉണ്ടാകും. റഷ്യയിൽ നിന്നുള്ള ക്രൂഡിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനാണ് ഉപരോധങ്ങൾ ഉൾപ്പെടെ പിൻവലിച്ച് കൂടുതൽ ഇളവുകൾ ഇറാന് നൽകാൻ പാശ്ചാത്യ രാജ്യങ്ങൾ ഒരുങ്ങുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ വിലയിരുത്തുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.