തിരിച്ചടിച്ച് ഇറാന്‍; യുഎസ് സൈനിക താവളങ്ങളിലേയ്ക്ക് മിസൈലാക്രമണം നടത്തി
പന്ത്രണ്ടിലധികം ബാലസ്റ്റിക് മിസൈലുകള്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്.
ബാഗ്‌ദാദ്: ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേയ്ക്ക് ഇറാന്‍ മിസൈലാക്രമണം നടത്തി.
പന്ത്രണ്ടിലധികം ബാലസ്റ്റിക് മിസൈലുകള്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാഖിലുള്ള അല്‍-ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
നാശനഷ്ടങ്ങള്‍ എത്രത്തോളം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം നടന്നു വരുന്നതിനിടെയാണ് ഇറാന്‍റെ നേരിട്ടുള്ള സൈനിക നടപടി.
പെൻറഗൺ വക്താവ് ജോനാഥൻ ഹൊഫ്മാനാണ് ഇറാഖിൽ അമേരിക്കൻ സൈനികരെ ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തിയ വിവരം പുറത്തുവിട്ടത്. അൽ അസദിൽ അമേരിക്കൻ സൈന്യം തങ്ങുന്ന അൽ അസദ് എയർ ബേസും അമേരിക്കൻ സൈനികരും സഖ്യരാജ്യങ്ങളിലെ സൈനികരും തങ്ങുന്ന ഇർബിലിലെ സൈനികതാവളവും ലക്ഷ്യമിട്ട് ഒരു ഡസനോളം മിസൈലുകൾ വർഷിച്ചിട്ടുണ്ടെന്നാണ് സൂചന.
ആക്രമണത്തിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെറും വൈറ്റ് ഹൗസിലെത്തി. ഇതിനിടെ എസ്‌പെര്‍ ഇറാഖ് പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും യുഎസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇറാന്‍റെ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ദേശീയ ചാനലിലൂടെ ഇറാൻ പ്രഖ്യാപിച്ചതായാണ് വിവരം.
ആക്രമണത്തിന് പിന്നാലെ ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചു കയറുകയാണ്. ഓയിൽ വില ഇതിനോടകം 3.5 ശതമാനം വർധിച്ചു.
അതേസമയം അമേരിക്കൻ സൈന്യത്തെ ഭീകരസംഘടനയായി ഇറാൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇറാനെ ലക്ഷ്യം വയ്ക്കുന്ന ഏത് കേന്ദ്രങ്ങളും തങ്ങൾ നശിപ്പിക്കുമെന്നും അമേരിക്കൻ സൈനിക താവളങ്ങൾക്ക് ഇടം നൽകിയ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാല്‍ തങ്ങള്‍ക്ക് നേരെ ഏത് തരത്തിലുള്ള ആക്രമണമുണ്ടായാലും ഇറാനെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് ട്രംപും മുന്നറിയിപ്പ് നല്‍കിയിരുന്നു.