പ്രതികാരം ചെയ്യും... അമേരിക്കയോട് അയത്തുള്ള ഖൊമേനി
തിരിച്ചടിക്കുമെന്ന ഭീഷണി മുഴക്കി ഇറാന്‍റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി.
ടെഹ്‌റാന്‍: തിരിച്ചടിക്കുമെന്ന ഭീഷണി മുഴക്കി ഇറാന്‍റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി.
'ഈ കൊലയ്ക്ക് പിന്നിലുള്ളവര്‍ക്ക് പ്രതികാര നടപടി കാത്തിരിക്കാം. ഞാന്‍ ഉറപ്പ് പറയുന്നു', ഖൊമേനി പറഞ്ഞു.
ഇറാനിയന്‍ ഖുദ്സ് ഫോഴ്സ് തലവന്‍ കാസിം സുലൈമാനിയും പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍
കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു
ഖൊമേനിയുടെ പ്രതികരണം.
അതേസമയം, ഇറാനിയന്‍ ഖുദ്സ് ഫോഴ്സ് തലവന്‍ കാസിം സുലൈമാനിയെ "രക്തസാക്ഷി" യായി പ്രഖ്യാപിച്ച് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച അയത്തുള്ള ഖൊമേനി, രാജ്യത്ത് 3 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.
അതേസമയം, യുഎസ് നടപടി അങ്ങേയറ്റം അപകടകരവും വിഡ്ഢിത്തവുമാണ്. ഈ സാഹസികതയുടെ എല്ലാ അനന്തര ഫലങ്ങളുടേയും ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്ന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പ്രതികരിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് ഇറാഖില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 2 ഉന്നത ഇറാന്‍ സൈനികോദ്യോഗസ്ഥരടക്കം 7പേര്‍ കൊല്ലപ്പെട്ടത്. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്.
കമാന്‍ഡറും സംഘവും വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം അമേരിക്ക റോക്കറ്റ് ആക്രമണം നടത്തിയത്.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വ്യോമാക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. വ്യോമാക്രമണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ട്രംപ് അമേരിക്കന്‍ പതാക ട്വീറ്റ് ചെയ്തു.
യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് സുലൈമാനിയെ വകവരുത്താന്‍ ഉത്തരവിട്ടതെന്ന് യു.എസ് സൈനിക മേധാവി അറിയിച്ചു.
ഇരുവരെയും വകവരുത്തിയതിനു പിന്നില്‍ അമേരിക്കയും ഇസ്രയേലുമാണെന്ന് പി.എം.എഫ് (Popular Mobilisation Forces) പ്രതിനിധി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുഎസ് വ്യോമാക്രമണം നടത്തിയിരിക്കുന്നത്.
ലോകത്തെ വീണ്ടും യുദ്ധഭീതിയിലേയ്ക്ക് നയിക്കുകയാണ് അമേരിക്ക നടത്തിയ വ്യോമാക്രമണം. ഇപ്പോഴത്തെ ആക്രമണം അമേരിക്കന്‍-ഇറാഖി സര്‍ക്കാരുകള്‍ക്കിടയിലെ നയതന്ത്ര ബന്ധത്തിന് കാര്യമായ വിള്ളലുകളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.