Israel: അതീവ സുരക്ഷയുള്ള ജയിലിൽ നിന്ന് ചാടിയ മുഴുവൻ പേരെയും പിടികൂടി
രണ്ടുപേരെ ജെനിൻ നഗരത്തിന്റെ കിഴക്കൻ ജില്ലയിൽ നിന്ന് പിടികൂടിയതായി പോലീസ് ഞായറാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു
ജെറുസലേം: ഇസ്രയേലിലെ ജയിലിൽ നിന്ന് രക്ഷപ്പെട്ട അവസാന രണ്ട് പലസ്തീൻ തടവുകാരെ കൂടി പിടികൂടിയതായി സുരക്ഷാ സേന. സെപ്റ്റംബർ ആറിന് ഗിൽബോവ ജയിലിൽ നിന്ന് രക്ഷപ്പെട്ട ആറുപേരിൽ അവസാനത്തെ രണ്ടുപേരെ ജെനിൻ നഗരത്തിന്റെ കിഴക്കൻ ജില്ലയിൽ നിന്ന് പിടികൂടിയതായി പോലീസ് ഞായറാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു.
അയാം നയീഫ് കാമാംജി, മുനാഡേൽ യാക്കൂബ് ഇൻഫാഇത്ത് എന്നിവരെയാണ് പിടികൂടിയത്. കാമാംജി (35) 2006 -ൽ അറസ്റ്റിലാവുകയും ജീവപര്യന്തം തടവ് അനുഭവിക്കുകയും ചെയ്യുന്നയാളാണ്. 26 -കാരനായ ഇൻഫായത്തിനെ 2019 ൽ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.
നസ്രത്തിന്റെ തെക്കൻ പ്രാന്തപ്രദേശത്ത് നിന്ന് മഹമൂദ് അബ്ദുള്ള അൽ അർദ (46), യാക്കൂബ് മഹ്മൂദ് ഖാദ്രി (49) എന്നിവരെ പിടികൂടിയതായി ഇസ്രയേൽ സുരക്ഷാ സേന അറിയിച്ചിരുന്നു. സക്കറിയ സുബൈദി (46), മുഹമ്മദ് അൽ അർദ (39) എന്നിവരെ ശനിയാഴ്ച രാവിലെ പലസ്തീൻ ഗ്രാമമായ ഷിബ്ലി-ഉമ്മു അൽ ഘാനാമിൽ വച്ച് അറസ്റ്റ് ചെയ്തു. ഇതോടെ ജയിൽ ചാടിയ ആറ് പേരെയും അറസ്റ്റ് ചെയ്തതായി സുരക്ഷാ സേന അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...