JK Rowling: `അടുത്തത് നിങ്ങൾ`; സൽമാൻ റുഷ്ദിക്ക് പിന്നാലെ ജെ കെ റൗളിംഗിന് വധഭീഷണി
“വിഷമിക്കേണ്ട, അടുത്തത് നിങ്ങളാണ്.” എന്നാണ് മറുപടി ട്വീറ്റിൽ മീർ ആസിഫ് അസീസ് എന്ന ട്വിറ്റർ ഉപയോക്താവ് കുറിച്ചത്.
സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ട്വീറ്റ് ചെയ്ത ഹാരിപോട്ടർ രചയിതാവ് ജെ കെ റൗളിംഗിന് വധഭീഷണി. റുഷ്ദിക്കെതിരായ ആക്രമണം ഭയപ്പെടുത്തുന്നതാണെന്നും വാർത്ത കേട്ടപ്പോൾ അസ്വസ്ഥത തോന്നിയെന്നുമാണ് റൗളിംഗ് ട്വീറ്റ് ചെയ്തത്. റുഷ്ദിക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും അവർ ട്വിറ്ററിൽ കുറിച്ചിരുന്നു. ഈ ട്വീറ്റിന് മറുപടിയായാണ് വധഭീഷണി വന്നത്. “വിഷമിക്കേണ്ട, അടുത്തത് നിങ്ങളാണ്.” എന്നാണ് മറുപടി ട്വീറ്റിൽ മീർ ആസിഫ് അസീസ് എന്ന ട്വിറ്റർ ഉപയോക്താവ് കുറിച്ചത്. ട്വിറ്റർ സപ്പോർട്ട് ടീമിനെ ടാഗ് ചെയ്ത് കൊണ്ട് റൗളിംഗ് ഈ ട്വീറ്റിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചു. റൗളിംഗിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.
അതേസമയം ന്യൂയോർക്കിൽ സ്റ്റേജിൽ പ്രസംഗിക്കുന്നതിനിടെ തീവ്രവാദിയുടെ കുത്തേറ്റ് ചികിത്സയിലുള്ള എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം റുഷ്ദിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സൽമാൻ റുഷ്ദി ആശുപത്രിയിൽ തുടരുകയാണ്. റുഷ്ദി സംസാരിച്ചതായും മുറിയിൽ അൽപദൂരം നടന്നതായും റിപ്പോർട്ടുകളുണ്ട്.
Also Read: Salman Rushdie: സൽമാൻ റുഷ്ദിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; റുഷ്ദി സംസാരിച്ചതായി റിപ്പോർട്ട്
റുഷ്ദിക്ക് മികച്ച പരിചരണമാണ് നല്‍കുന്നതെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ അറിയിച്ചു. ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂട്ടിലെ ചടങ്ങിനിടെ വേദിയിലേക്ക് പാഞ്ഞെത്തിയ അക്രമിയാണ് റുഷ്ദിയെ കഴുത്തില്‍ കുത്തിവീഴ്ത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്‌സിയില്‍ നിന്നുള്ള ഹാദി മറ്റാര്‍ (24) ആണ് പിടിയിലായതെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു. സാത്താനിക് വേഴ്‌സസ് എന്ന പുസ്തകത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനി പുറപ്പെടുവിച്ച ഫത്വയെത്തുടര്‍ന്ന് 30 വര്‍ഷക്കാലം നേരിട്ട കൊലപാതക ശ്രമങ്ങളാണ് ഇപ്പോഴത്തെ അക്രമത്തിൽ എത്തി നിൽക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
കുറ്റവാളി ഹാദി മറ്റാർ കോടതിയിൽ കുറ്റം നിഷേധിച്ചു. സ്റ്റേറ്റ് പോലീസ് ജെയിംസ്ടൗണില്‍ നിന്ന് ഹാദി മറ്റാറിനെ ചൗതൗക്വാ കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. ഇയാളുടെ മാതാവിനെയും കോടതിയില്‍ ഹാജരാക്കി. മറ്റാറിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. കോടതി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...