Liz Truss : ലിസ് ട്രസിന് പകരം ആര്? ഋഷി സുനക്കിനാകുമോ സാധ്യത?
ബ്രിട്ടണില്‍ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വിമര്‍ശനം ശക്തമായതിനെ തുടര്‍ന്നായിരുന്നു അധികാരമേറ്റ് ആറാഴ്ച മാത്രം പിന്നിടുമ്പോഴുണ്ടായ ട്രസിന്റെ രാജി.
ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രി കസേരയിലിരുന്ന ആളായിട്ടാണ് ഇനി ലിസ് ട്രസ് ചരിത്രത്തിൽ അറിയപ്പെടുക. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഏറ്റവും മോശപ്പെട്ട ഭരണസംവിധാനതത്തിന്റെ ചീത്തപ്പേര് ഇത്രയും കാലം ബോറിസ് ജോൺസനായിരുന്നുവെങ്കിൽ അതും കടത്തിവെട്ടിയിരിക്കുകയാണ് ലിസ് ട്രസ്. സ്ഥാനമേറ്റെടുത്ത് 45 ദിവസത്തിനുശേഷം രാജിവെച്ചൊഴിഞ്ഞ ലിസ് ട്രസിന് പകരം ആര് പ്രധാനമന്ത്രിയാകുമെന്നതിനാണ് ലോകം കാത്തിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ട്രസ് പരാജയപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ ഋഷി സുനക്കിനാകുമോ സാധ്യതയെന്നാണ് ലോകം നോക്കുന്നത്.
ഇന്ത്യൻ വംശജനായത് കൊണ്ടു തന്നെ ഇന്ത്യക്കാർക്കും ഈ വിഷയത്തിൽ വലിയ താല്‍പര്യമാണ് ഉള്ളത്. പ്രധാനമന്ത്രിയായി സുനാക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ആ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാകും സുനാക്ക്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സുനക്കിന് പിന്നിലായി മൂന്നും, നാലും സ്ഥാനങ്ങളിലെത്തിയ മോര്‍ഡൗണ്ട്, ബെന്‍ വാലസ് എന്നിവരും ലിസ് സ്ട്രസിന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ളവരാണ്. വേഗത്തിൽ പുതിയ നേതാവിനെ കണ്ടെത്താനായി, ആഴ്ചകൾ നീളുന്ന തിരഞ്ഞെടുപ്പു പ്രക്രിയ മാറ്റാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ നേതൃത്വ തിരഞ്ഞെടുപ്പു നീട്ടി കൊണ്ടു പോകുന്നത് ഉചിതമാവില്ലെന്ന ബോധ്യത്തിലാകാം തെരഞ്ഞെടുപ്പ് പ്രക്രിയ മാറ്റാൻ തീരുമാനിച്ചത്. നേതൃതിരഞ്ഞെടുപ്പിൽ സുനകിനെ എംപിമാരിൽ കൂടുതൽ പേരും പിന്തുണച്ചെങ്കിലും കടുത്ത വലതുപക്ഷ വാദികളായ പാർട്ടി അംഗങ്ങളെല്ലാം അന്തിമ വോട്ടെടുപ്പിൽ ഇന്ത്യൻ വംശജനായ സുനകിനെ തള്ളി ട്രസിന് വോട്ടു ചെയ്യുകയായിരുന്നു.
യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രെക്സിറ്റ് പദ്ധതിയുടെ പശ്ചാത്തലത്തിൽ 2019 ലെ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ ബോറിസ് ജോൺസൻ നിരന്തരം വിവാദത്തിലകപ്പെടുകയും സമ്പദ് വ്യവസ്ഥ തിരിച്ചടി നേരിടുകയും ഉപതെരഞ്ഞെടുപ്പിൽ പാർട്ടി തോൽക്കുകയും ചെയ്തതോടെയാണ് രാജിവെച്ചത്. അതുപോലെ ബ്രിട്ടണില്‍ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വിമര്‍ശനം ശക്തമായതിനെ തുടര്‍ന്നായിരുന്നു അധികാരമേറ്റ് ആറാഴ്ച മാത്രം പിന്നിടുമ്പോഴുണ്ടായ ട്രസിന്റെ രാജി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...