കൊളംബോ:  ആഭ്യന്തര പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ രാജിക്ക് പിന്നാലെ ആഭ്യന്തര കലാപം രൂക്ഷം. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ ഭരണപക്ഷ എംപിയെ  കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അമരകീർത്തി അതുകോറോള ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിഷേധത്തിനിടെ എംപി ഒരു കെട്ടിടത്തിൽ കയറി ഒളിച്ചിരുന്നു. പ്രതിഷേധക്കാർക്ക് നേരെ എംപി വെടിയുതിർക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എംപിയുടെ കാർ പ്രതിഷേധക്കാർ തടയുന്നതിനിടെയാണ് അദ്ദേഹം വെടിയുതിർത്തത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട എംപിയെ പിന്നീട് വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. എംപിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രതിഷേധക്കാർ കെട്ടിടം വളഞ്ഞതോടെ സ്വയം വെടിയുതിർത്ത് എംപി മരിക്കുകയായിരുന്നു എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. എംപിയുടെ വെടിയേറ്റ ഒരു പ്രതിഷേധക്കാരൻ മരണപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING


സംഘർഷ സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോ​ഗിച്ചു. സംഘർഷത്തിൽ 100ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ റാലി നടത്തിയിരുന്നു. തൊഴിൽ ഇടങ്ങളിൽ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയർത്തി. പൊതു ഗതാഗത സർവീസുകളും തടസപ്പെട്ടു. വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പാർലമെന്റ് മാർച്ച് അക്രമാസക്തമായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയിൽ മഹിന്ദ രജപക്‌സെ രാജിവെച്ചിരുന്നു. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള തെരുവ് യുദ്ധം ആ​ഗോളതലത്തിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി. സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സമയം മുതൽത്തന്നെ രാജി ആവശ്യം ഉയർന്നിരുന്നു.



പ്രസിഡന്റ് ഹൗസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാൻ മഹിന്ദ രജപക്‌സെ സമ്മതിച്ചതായി  റിപ്പോർട്ടുകൾ വന്നിരുന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഏക പരിഹാരം തന്റെ രാജിയാണെങ്കിൽ അതിന് താൻ തയ്യാറാണെന്ന് മഹിന്ദ രജപക്‌സെ സൂചിപ്പിച്ചിരുന്നു. കാബിനറ്റ് മന്ത്രിമാരായ നലക ഗോദഹേവ, രമേഷ് പതിരണ, പ്രസന്ന രണതുംഗ എന്നിവരും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാനുള്ള മഹിന്ദ രജപക്സെയുടെ തീരുമാനത്തോട് യോജിച്ചുവെന്ന് രാഷ്ട്രീയ വൃത്തങ്ങൾ അറിയിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.