മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു
വധ ശ്രമങ്ങളൽ നിന്ന് പലതവണയാണ് മിഖായേൽ ഗോർബച്ചേവ് രക്ഷപെട്ടിട്ടുള്ളത്
സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു അദ്ദേഹം. മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് അന്ത്യം സംഭവിച്ചത്. ആശുപത്രിയെ ഉദ്ധരിച്ച് റഷ്യൻ വാർത്താഏജൻസികളാണ് മരണവിവരം പുറത്തുവിട്ടത്. 1999-ൽ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയിലാകും ഗോർബച്ചേവിനെ സംസ്കരിക്കുന്നത്. ഗോർബച്ചേവിന്‍റെ മരണത്തിൽ ലോക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
1931ൽ പ്രിവോയ്‌ലിയിൽ കർഷക കുടുംബത്തിലായിരുന്നു ഗോർബച്ചേവിന്റെ ജനനം. മോസ്‌കോ സ്‌റ്റേറ്റ് സർവകലാശാലയിലെ പഠനത്തിനിടയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായി.
1955 ല്‍ നിയമത്തിൽ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം കോംസമോളില്‍ വ്യത്യസ്ത പദവികള്‍ അലങ്കരിച്ചിരുന്നു. 1970 ല്‍ ഗോര്‍ബച്ചേവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ റീജ്യൺ സെക്രട്ടറിയായി ചുമതലയേറ്റു. 1971 ലാണ് ഗോര്‍ബച്ചേവ് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെൻട്രല്‍ കമ്മിറ്റി അംഗമാവുന്നത്. തുടർന്ന് 1978 ല്‍ അദ്ദേഹം പാര്‍ട്ടിയുടെ അഗ്രികള്‍ച്ചര്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടു. 1979 പോളിറ്റ്ബ്യൂറോയുടെ കാന്റിഡേറ്റ് മെമ്പറായ ഇദ്ദേഹം 1980 ലാണ് ഫുള്‍ മെമ്പറാകുന്നത്.
ഗോര്‍ബച്ചേവിന്റെ രാഷ്ട്രീയ വളര്‍ച്ചക്ക് പിന്നില്‍ മുതിര്‍ന്ന പാര്‍ട്ടി പ്രത്യയശാസ്ത്രജ്ഞനായിരുന്ന മിഖായില്‍ സുസ്ലോവിന്റെ പങ്ക് വളരെ എടുത്ത് പറയേണ്ടതാണ്. യൂറി അന്ത്രോപോവ് പാര്‍ട്ടി ജെനറല്‍ സെക്രട്ടറി ആയിരുന്ന പതിനഞ്ച് മാസം ഏറ്റവും സജീവമായിരുന്ന പോളിറ്റ് ബ്യൂറോ അംഗമായിരുന്നു ഗോര്‍ബച്ചേവ്. സോവിയറ്റ് യൂണിയന്റെ ഏകാധിപത്യ രീതികള്‍ക്ക് അന്ത്യം വരുത്തുന്നതിലും കൂടുതല്‍ ജനാധിപത്യമായ രീതികള്‍ നടപ്പിലാക്കുന്നതിലും ഗോര്‍ബച്ചേവിന് വിജയിക്കാൻ സാധിച്ചു. ഒരു ഭരണ അട്ടിമറി ശ്രമത്തിന്റെ ഭാഗമായി ഗോര്‍ബച്ചേവിനെയും കുടുംബത്തെയും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.
1985ൽ 54-ാം വയസിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. പിന്നീടാണ് സോവിയറ്റ് യൂണിയന്റെ എട്ടാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. രക്തച്ചൊരിച്ചിൽ ഇല്ലാതെ ശീതയുദ്ധം അവസാനിപ്പിച്ച നേതാവാണ് അദ്ദേഹം. ആറ് വർഷം യുഎസ്എസ്ആറിന്റെ പ്രസിഡന്റായിരുന്ന ഗോർബച്ചേവ് സോവിയറ്റ് യൂണിയനെ ജനാധിപത്യവൽകരിക്കാനുള്ള ശ്രമങ്ങളുടെ പേരിൽ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.
ശീതയുദ്ധം അവസാനിപ്പിക്കാനായെങ്കിലും സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഒഴിവാക്കാന്‍ പക്ഷേ ഗോര്‍ബച്ചേവിനായിരുന്നില്ല. പിന്നീട് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ഉത്തരവാദി എന്ന പേരിലും ഗോര്‍ബച്ചേവ് വിമർശിക്കപ്പെട്ടു. 1990 ൽ അദ്ദേഹം സമാധാനത്തിന് ഉളള നൊബേൽ സമ്മാനം നേടിയിരുന്നു. പെരിസ്ട്രോയിക്ക,ഗ്ലാസ്നോറ്റ് സിദ്ധാന്തങ്ങൾ മിഖായേൽ ഗോർബച്ചേവിന്റേതാണ്. വധ ശ്രമങ്ങളൽ നിന്ന് പലതവണയാണ് മിഖായേൽ ഗോർബച്ചേവ് രക്ഷപെട്ടിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...