മൊറോക്കോയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായിരത്തിലധികമായി. നിരവധിയാളുകൾക്ക് പരിക്കേറ്റു. 1,400ൽ അധികം ആളുകൾക്ക് ഗുരുതരമായ പരിക്കേറ്റു. മാരാകേഷിന്റെ തെക്ക് ഭാഗത്തുള്ള പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. മുഹമ്മദ് ആറാമൻ രാജാവ് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും അതിജീവിച്ചവർക്ക് താമസവും ഭക്ഷണവും മറ്റ് സഹായങ്ങളും ഉറപ്പാക്കുകയും ചെയ്തു. നിരവധി ആളുകൾ രാത്രിയിലും തുറസ്സായ സ്ഥലത്താണ് ചെലവഴിക്കുന്നത്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മാരാകേഷിലും സമീപ നഗരങ്ങളിലും വെള്ളിയാഴ്ച രാത്രിയുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പർവതപ്രദേശങ്ങളിൽ, മുഴുവൻ ഗ്രാമങ്ങളും നശിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിനോദസഞ്ചാരത്തിന് പ്രശസ്തമായ ലോക പൈതൃക പദവിയുള്ള നഗരമായ മരാക്കേഷിന് തെക്ക്-പടിഞ്ഞാറായി 71 കിലോമീറ്റർ (44 മൈൽ) ഹൈ അറ്റ്‌ലസ് പർവതനിരകളിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിന് 350 കിലോമീറ്റർ അകലെയുള്ള തലസ്ഥാനമായ റബാറ്റിലും കാസബ്ലാങ്ക, അഗാദിർ, എസ്സൗയിറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.


അൽ ഹൗസ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. രണ്ടാമത് തരൂഡന്റ് പ്രവിശ്യയാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. യുനെസ്‌കോ സംരക്ഷിത നഗരമായ മരാക്കേഷിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും മരണങ്ങൾ വളരെ കുറവാണ്. തുടർചലനങ്ങളെ ഭയന്ന് പലരും രാത്രിയിൽ തുറസായ സ്ഥലങ്ങളിൽ തുടരുകയാണ്. ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമമുണ്ടെന്ന് അവർ പറയുന്നു. പാറകളും മറ്റ് അവശിഷ്ടങ്ങളും നിറഞ്ഞ പർവത പാതകൾ, അത്യാഹിത സേവനങ്ങൾക്ക് ബുദ്ധിമുട്ടാണെന്നാണ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്. 


ALSO READ: Morocco Earthquake: മൊറോക്കോയിൽ മരണം 1000 കടന്നു; കൃത്യമായ കണക്കുകൾ ഇപ്പോഴുമില്ല


അടുത്ത മൂന്ന് ദിവസത്തേക്ക് രാജ്യത്തെ എല്ലാ പൊതു കെട്ടിടങ്ങളിലും പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്ന് കൊട്ടാരത്തിൽ നിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. രക്ഷാപ്രവർത്തന സംഘങ്ങളെ സഹായിക്കാൻ രാജാവ് സായുധ സേനയ്ക്ക് നിർദേശം നൽകി. 1960-ൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 12,000-ത്തിലധികം പേർ കൊല്ലപ്പെട്ടതിന് ശേഷം മൊറോക്കോയിലുണ്ടാകുന്ന ഏറ്റവും വലിയ ഭൂകമ്പമാണിത്.


രക്ഷാപ്രവർത്തനങ്ങളിൽ മൊറോക്കോ സർക്കാരിനെ സഹായിക്കാൻ തയ്യാറാണെന്ന് യുഎൻ അറിയിച്ചു. സ്പെയിൻ, ഫ്രാൻസ്, ഇസ്രായേൽ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ സഹായം വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. സമീപ വർഷങ്ങളിൽ അയൽരാജ്യമായ അൾജീരിയ മൊറോക്കോയുമായി ശത്രുതയിലായിരുന്നു. എന്നാൽ ഇപ്പോൾ മൊറോക്കോയിലേക്കുള്ള രക്ഷാപ്രവർത്തനങ്ങൾക്കായി വ്യോമാതിർത്തി തുറന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.