ഇസ്‌ലാമാബാദ്: രാജ്യദ്രോഹ കേസില്‍ വിചാരണക്ക് കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ് മുഷറഫിന്‍റെ പാസ്‌പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും റദ്ദാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് 2014 ലാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016 മാര്‍ച്ച് 18 ന് മുഷറഫ് ചികിത്സയ്ക്കായി ദുബൈയിലേക്ക് പോയിരുന്നു. തുടര്‍ച്ചയായി കേസില്‍ ഹാജരാകാതിരുന്ന അദ്ദേഹത്തെ പ്രഖ്യാപിത കുറ്റവാളിയായി പ്രത്യേക കോടതി പ്രഖ്യാപിക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. 


മാര്‍ച്ചില്‍ അദ്ദേഹത്തിന്‍റെ കമ്പ്യൂട്ടറൈസ്ഡ് നാഷണല്‍ ഐ.ഡി കാര്‍ഡും പാസ്‌പോര്‍ട്ടും റദ്ദാക്കാനും ഉത്തരവിട്ടിരുന്നു. ഭരണഘടനച്ചട്ടങ്ങള്‍ മറികടന്നാണ് പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് കോടതി വ്യക്തമാക്കി.


മുഷറഫിന്‍റെ അറസ്റ്റ് രേഖപ്പെടുത്താന്‍ വേണ്ട ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്രകാരമാണ് ദേശീയ ഡേറ്റാബേസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ അതോറിറ്റി (എന്‍.എ.ഡി.ആര്‍.എ) അദ്ദേഹത്തിന്‍റെ ഐ.ഡി കാര്‍ഡ് റദ്ദാക്കിയത്. ഐ.ഡികാര്‍ഡ് റദ്ദാക്കിയതോടെ സ്വാഭാവികമായി പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെടുമെന്ന് ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


പാസ്പോര്‍ട്ട് റദ്ദാക്കിയാല്‍ മുഷറഫിന് ഒരു രാജ്യത്തേക്കും യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നു മാത്രമല്ല, ദുബൈയില്‍ കഴിയുന്നതുപോലും അനധികൃതമാവുകയും ചെയ്യും. ഒന്നുകില്‍ അദ്ദേഹത്തിന് രാഷ്ട്രീയ അഭയം തേടുകയോ അല്ലെങ്കില്‍ പ്രത്യേക രേഖകള്‍ തയാറാക്കി പാകിസ്ഥാനിലേക്ക് മടങ്ങുകയോ ചെയ്യാം.


ദുബൈയില്‍ കഴിയുന്ന മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്‍റെ സഹായം തേടണമെന്ന് നേരത്തെ പ്രത്യേക കോടതി ആവശ്യപ്പെട്ടിരുന്നു. 1999 മുതല്‍ 2008 വരെയാണ് മുഷറഫ് പാകിസ്ഥാന്‍ ഭരിച്ചത്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ് അദ്ദേഹം.