വാഷിങ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ത്രിദിന സന്ദര്‍ശനത്തിനായി യുഎസിലെത്തും. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും മോദിയും വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള പല വിഷയങ്ങളും ചര്‍ച്ച  ചെയ്യുമെന്നു വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുരക്ഷ, പ്രതിരോധ രംഗത്തെ സഹകരണം, സാമ്പത്തിക വളര്‍ച്ചയിലെ മുന്‍ഗണനകള്‍, കാലാവസ്ഥാ വ്യതിയാനം എന്നിവ അടങ്ങിയ വിഷയങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്യുക. കഴിഞ്ഞവര്‍ഷം ജനുവരിയില്‍  ഒബാമയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ടെന്നു വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വിലയിരുത്തുന്നു.


മോദി ത്രിദിന സന്ദർശനത്തിനു നാളെ വാഷിങ്ടൻ ഡിസിയിലെത്തും.   അധികാരത്തില്‍ വന്നശേഷം ഇത് മോദിയുടെ നാലാമത്തെ യുഎസ് സന്ദര്‍ശനമാണ്. നാളെ യുഎസില്‍ ആദ്യം മോദി ആര്‍ലിങ്ടണ്‍ ദേശീയ സെമിത്തേരിയില്‍ അജ്ഞാതഭടന്റെ കല്ലറയില്‍ റീത്ത് വയ്ക്കും ഏഴിനു വൈറ്റ്ഹൗസിലാണ് ഒബാമ-മോദി ചര്‍ച്ച. നാളെ നടക്കുന്ന കൂടിക്കാഴ്ച മോദിയും ഒബാമയും തമ്മിലുള്ള ഏഴാമത്തെ കൂടിക്കാഴ്ചയാണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം യുഎസിന്‍റെ ഔദ്യോഗിക സഖ്യകക്ഷി അല്ലാത്ത ഒരു രാഷ്ട്രത്തിന്‍റെ തലവനുമായിട്ടാണ് യുഎസ് പ്രസിഡന്റ് ഇത്രയും കൂടിക്കാഴ്ചകള്‍ നടത്തുന്നത്.


രണ്ട് വര്‍ഷത്തെ കാലയളവില്‍ ഒബാമയ്ക്കും മോദിക്കുമിടയില്‍ ഉണ്ടായ സൗഹൃദവളര്‍ച്ച നയതന്ത്ര ബന്ധത്തിലും ഗുണപരമായ മാറ്റങ്ങള്‍ക്കു വഴിവെച്ചിട്ടുണ്ടെന്നാണ് യുഎസിലെ രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. എട്ടിനു യുഎസ് കോണ്‍ഗ്രസിന്‍റെ സംയുക്തയോഗത്തില്‍ മോദി പ്രസംഗിക്കുന്നതോടെ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തയോഗത്തില്‍ പ്രസംഗിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും മോദി.