കാഠ്മണ്ഡു: ഇന്ത്യ കോവിഡ്‌ ബാധയെ തുരത്താന്‍ ശ്രമ൦  നടത്തുന്നതിനിടെ ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശങ്ങള്‍ കൈയടക്കാനുള്ള ശ്രമവുമായി നേപ്പാള്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശങ്ങള്‍ തങ്ങളുടേതാക്കി നേപ്പാള്‍ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കി . അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്ന ലിപുലേഖ്, കലാപാനി, ലിംപിയാധുര പ്രദേശങ്ങളാണ് നേപ്പാള്‍ സ്വന്തം പ്രദേശങ്ങളായി അംഗീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കിയിരിക്കുന്നത്.  പുതിയ  ഭൂപടത്തിന്  മന്ത്രിസഭ അംഗീകാരവും നൽകി.


നേപ്പാളിന്‍റെ പ്രദേശങ്ങളായ  ലിപുലേഖ്, കലാപാനി, ലിംപിയാധുര എന്നീ മൂന്ന് സ്ഥലങ്ങളും തിരികെ നൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുന്ന പ്രമേയം ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി പാർലമെന്റിൽ അവതരിപ്പിച്ചതിനു പിന്നാലെയാണ് വിവാദ ഭൂപടത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്.


ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയുടെ ഭാഗമായ കാലാപാനിക്കു മേല്‍ നേപ്പാള്‍ കാലങ്ങളായി അവകാശവാദ൦ ഉന്നയിക്കുന്നുണ്ട്. തങ്ങളുടെ ധർചുല ജില്ലയുടെ ഭാഗമാണ് കാലാപാനി എന്നാണ് നേപ്പാളിന്‍റെ  വാദം. കാലാപാനിയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തായാണ് ലിപുലേഖ് സ്ഥിതി ചെയ്യുന്നത്. 


നേപ്പാളിന്‍റെ ‘ഔദ്യോഗിക ഭൂപടം’ ഉടൻ പൊതുജനങ്ങൾക്ക്  ലഭ്യമാക്കുമെന്നും ഏഴ് പ്രവിശ്യകളും 77 ജില്ലകളും 753 പ്രാദേശികതല ഭരണ ഡിവിഷനുകളും അടങ്ങുന്നതാണ് പുതിയ ഭൂപടമെന്നും വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി പറഞ്ഞു.
 
ഇന്ത്യയും നേപ്പാളും തമ്മില്‍ 118 കിലേമീറ്റര്‍ ദൈര്‍ഘ്യമുള്ള തുറന്ന അതിര്‍ത്തിയാണ് ഉള്ളത്. ഇതില്‍ ലിപുലേഖ് ചുരത്തിന്മേലുള്ള അവകാശത്തിലാണ് ഇപ്പോള്‍ നേപ്പാള്‍ തര്‍ക്കം ഉന്നയിക്കുന്നത് .


ടിബറ്റിലേക്കുള്ള കൈലാസ്- മാനസസരോവര്‍ യാത്രയ്ക്ക് എളുപ്പ വഴിയായി ഇന്ത്യ ലിപുലേഖില്‍ പുതിയ റോഡ് നിര്‍മ്മാണം ആരംഭിച്ചതോടെയാണ്  നേപ്പാള്‍ തര്‍ക്കവുമായി രംഗത്ത് വന്നത്. 


റോഡ് നിര്‍മ്മാണം ആരംഭിച്ചതില്‍  പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച നേപ്പാള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ റോഡ് പൂര്‍ണമായും ഇന്ത്യയുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍കൂടിയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍  വ്യക്തമാക്കിയത്.