കാഠ്മണ്ഡു: ഇന്ത്യയുമായുള്ള അതിര്‍ത്തി വിവാദം കൂടുതല്‍  ബലപ്പെടുത്തി നേപ്പാള്‍...  ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍കൂടി  ഉള്‍പ്പെടുത്തി നേപ്പാള്‍  പുറത്തിറക്കിയ  വിവാദ  ഭൂപടം ഐക്യരാഷ്ട്രസഭ (United Nations) യ്ക്കും ഗൂഗിളിനും (Google) അയച്ചതായി  റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതുക്കിയ ഭൂപടം ഇംഗ്ലീഷിലും അന്താരാഷ്ട്രതലത്തിലുമടക്കം പ്രസിദ്ധീകരിക്കുന്നതിന് പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി  (K P Sharma Oli) ഊര്‍ജ്ജിതശ്രമം നടത്തുന്നതിന്‍റെ ഭാഗമായാണ്  ഈ നീക്കം.  


കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങള്‍ ചേര്‍ത്തുള്ള ഭൂപടമാണ് നേപ്പാള്‍ അയച്ചത്.  ജൂണ്‍ ആദ്യവാരമാണ് ഈ മൂന്ന് പ്രദേശങ്ങളും നേപ്പാളിനോട് ചേര്‍ത്തുള്ള ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയത്. അതിര്‍ത്തി  പ്രദേശങ്ങളായ  ലിപുലേഖ്, കലാപാനി, ലിംപിയാധുര എന്നീ മൂന്ന് സ്ഥലങ്ങളും തിരികെ നൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുന്ന പ്രമേയം ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി പാർലമെന്റിൽ അവതരിപ്പിച്ചതിനു പിന്നാലെയാണ് വിവാദ ഭൂപടത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്.


ഇന്ത്യയുടെ ഭൂപടത്തില്‍ ഉള്‍പ്പെട്ട 370 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രദേശങ്ങളാണ് ലിംപിയാദുരെ, കാലാപനി, ലിപുലേഖ് എന്നിവ. 


ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയുടെ ഭാഗമായ കാലാപാനിക്കു മേല്‍ നേപ്പാള്‍ കാലങ്ങളായി അവകാശവാദ൦ ഉന്നയിക്കുന്നുണ്ട്. തങ്ങളുടെ ധർചുല ജില്ലയുടെ ഭാഗമാണ് കാലാപാനി എന്നാണ് നേപ്പാളിന്‍റെ  വാദം. കാലാപാനിയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തായാണ് ലിപുലേഖ് സ്ഥിതി ചെയ്യുന്നത്. 


ഇന്ത്യ, ചൈന, നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ലിപുലേഖ്. 1962ലെ ചൈനയുമായുള്ള യുദ്ധം മുതല്‍ ഇന്ത്യ കാവല്‍ നില്‍ക്കുന്ന വളരെ തന്ത്രപ്രധാനമായ മേഖലയാണിത്. ബ്രീട്ടീഷുകാരുമായുള്ള 1816-ലെ സുഗൗളി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ലിപുലെഖ് പാസ് തങ്ങളുടേതാണെന്ന് നേപ്പാള്‍ അവകാശപ്പെടുന്നത്.


Also read: നേപ്പാള്‍-ഇന്ത്യ തര്‍ക്കം;വിവാദ ഭൂപടത്തില്‍ നേപ്പാളില്‍ അഭിപ്രായ ഭിന്നത രൂക്ഷം!


കൈലാസ്- മാനസസരോവര്‍ യാത്രയ്ക്ക് എളുപ്പ വഴിയായി ഇന്ത്യ ലിപുലേഖില്‍ പുതിയ റോഡ് നിര്‍മ്മാണം ആരംഭിച്ചതോടെയാണ്  നേപ്പാള്‍ തര്‍ക്കവുമായി രംഗത്ത് വന്നത്. 


റോഡ് നിര്‍മ്മാണം ആരംഭിച്ചതില്‍  പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച നേപ്പാള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ റോഡ് പൂര്‍ണമായും ഇന്ത്യയുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍കൂടിയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍  വ്യക്തമാക്കിയിരുന്നു.