യുക്രെയ്നിൽ നിന്ന് ധാന്യം കയറ്റുമതി ചെയ്യാം: ആഗോള ഭക്ഷ്യ ക്ഷാമ ഭീതിക്കിടെ പ്രതികരണവുമായി പുട്ടിൻ
അസോവ് കടലിലെ മരിയുപോൾ, ബെർദ്യാൻസ്ക് എന്നിവിടങ്ങളിലെ യുക്രെയ്ൻ തുറമുഖം വഴി കയറ്റുമതി ചെയ്യാമെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്
റഷ്യ- യുക്രെയിൻ യുദ്ധം അവസാനിക്കാതെ നീളുകയാണ്. റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് ആഗോള ഭക്ഷ്യ ക്ഷാമം ഉണ്ടായേക്കുമെന്ന ഭീതികൾക്കിടെ യുക്രെയ്നിൽനിന്ന് ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ പ്രശ്നമില്ലെന്നു വ്യക്തമാക്കുകയാണ് ഇപ്പോൾ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. യുക്രെയ്ൻ തുറമുഖങ്ങൾ വഴിയോ റഷ്യൻ നിയന്ത്രണത്തിലുള്ള തുറമുഖങ്ങൾ വഴിയോ അതല്ല യൂറോപ്പ് വഴിയോ കയറ്റുമതി ചെയ്യാമെന്ന് ടിവി അഭിമുഖത്തിലൂടെ പുട്ടിൻ വ്യക്തമാക്കി.
അസോവ് കടലിലെ മരിയുപോൾ, ബെർദ്യാൻസ്ക് എന്നിവിടങ്ങളിലെ യുക്രെയ്ൻ തുറമുഖം വഴി കയറ്റുമതി ചെയ്യാമെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്. നിലവിൽ ഇവ രണ്ടും റഷ്യൻ നിയന്ത്രണത്തിലാണുള്ളത്. യുക്രെയ്ന്റെ കൈവശമുള്ള ഒഡേസ്സ തുറമുഖത്തിലൂടെയും കയറ്റുമതി നടത്താമെന്നും എന്നാൽ ആദ്യം ഇവയ്ക്കു സമീപത്തു സ്ഥാപിച്ചിരിക്കുന്ന മൈനുകൾ നീക്കം ചെയ്യണമെന്നും പുട്ടിൻ ആവശ്യപ്പെട്ടു.
കപ്പലുകൾ സുരക്ഷിതമായി പോകാൻ റഷ്യ അനുവാദം നൽകും. റൊമാനിയ, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലൂടെ ഡാനുബെ നദി വഴിയും ധാന്യങ്ങൾ കടത്താവുന്നതാണ്. എന്നാൽ ഏറ്റവും ചെലവു കുറഞ്ഞതും പെട്ടെന്നു കയറ്റുമതി നടത്താനാകുന്നതും ബെലാറൂസ് വഴിയാണ്. ഇവിടെനിന്ന് ബാൾട്ടിക് തുറമുഖത്തേക്കും ബാൾട്ടിക് കടൽ വഴി ലോകത്ത് എവിടേക്കുവേണമെങ്കിലും കപ്പലുകൾക്കു പോകാൻ സാധിക്കും. എന്നാൽ ഇതിന് പാശ്ചാത്യ ലോകം ബെലാറൂസിനുമേൽ ചുമത്തിയിരിക്കുന്ന ഉപരോധങ്ങൾ നീക്കണമെന്നും പുട്ടിൻ കൂട്ടിച്ചേർത്തു.
അതേസമയം യുക്രെയ്നിൽ റഷ്യയുടെ ആക്രമണം നൂറു ദിവസം പിന്നിടുമ്പോൾ യുദ്ധം ഉടനെ അവസാനിക്കുന്നതിന്റെ സൂചനയൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ അഞ്ചിലൊന്ന് റഷ്യ പിടിച്ചെന്നു സമ്മതിക്കുന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, റഷ്യ പിടിച്ച പ്രദേശങ്ങൾ ഒന്നൊന്നായി തിരിച്ചുപിടിക്കയാണെന്നും അവകാശപ്പെട്ടു. യുഎസും ജർമനിയും വാഗ്ദാനം ചെയ്തു റോക്കറ്റ്, റഡാർ സംവിധാനം ഉടൻ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക് മേഖലയിൽ സിവീയറോഡോണെസ്റ്റ്സ്ക് നഗരം പൂർണ നിയന്ത്രണത്തിലാക്കാൻ റഷ്യ കനത്ത ആക്രമണം തുടരുകയാണ്. സമീപത്തുള്ള ലൈസിഷാൻസ്ക് കേന്ദ്രമാക്കി യുക്രെയ്ൻ ചെറുത്തുനിൽപ് ശക്തമാക്കിയിട്ടുണ്ട്. ഡോണെറ്റ്സ്ക് മേഖലയിലെ ഇരട്ടനഗരങ്ങളായ ക്രമറ്റോർസ്കും സ്ലൊവ്യാൻസ്കും പിടിച്ചു വടക്കോട്ടു മുന്നേറാൻ റഷ്യ മിസൈൽ ആക്രമണം കടുപ്പിച്ചു. ജനവാസ മേഖലകളിലേക്ക് റഷ്യ 15 ക്രൂസ് മിസൈലുകൾ അയച്ച് വൻ നാശമുണ്ടാക്കിയതായി സെലെൻസ്കി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...