WHO | ഒമിക്രോൺ അതിവേഗം പടരുന്നു; ഒമിക്രോൺ തീവ്ര വകഭേദമല്ലെന്ന് പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്ന് ഡബ്ല്യുഎച്ച്ഒ
ലോകത്താകെ കഴിഞ്ഞയാഴ്ച 18 ദശലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു
ജനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകവ്യാപകമായി അതിവേഗം പടരുകയാണ്. ലോകത്താകെ കഴിഞ്ഞയാഴ്ച 18 ദശലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഒമിക്രോണിന്റെ അതിവേഗത്തിലുള്ള വ്യാപനം ആരോഗ്യസംവിധാനങ്ങളെ ബാധിക്കുമോയെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനേഷൻ നിരക്ക് കുറവുള്ള പല രാജ്യങ്ങളെയും കുറിച്ച് ആശങ്കയുണ്ട്. കാരണം ആളുകൾ വാക്സിനേഷൻ എടുത്തില്ലെങ്കിൽ ഗുരുതരമായ രോഗത്തിനും മരണത്തിനും സാധ്യത പല മടങ്ങ് കൂടുതലാണ്. ഒമിക്രോൺ വളരെ വ്യാപകമായി പടരുന്നു. ഈ സാഹചര്യത്തിൽ വാക്സിനേഷൻ വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് തീവ്രത കുറവാണ്. എന്നാൽ ഇത് നേരിയ രോഗം മാത്രമാണെന്ന തെറ്റിദ്ധാരണ പ്രതിരോധ സംവിധാനങ്ങളെ ബാധിക്കും. കൂടുതൽ അപകടകരമായ സ്ഥിതിയിലേക്കും രൂക്ഷ വ്യാപനത്തിലേക്കും ഇത് നയിക്കും. ഒമിക്രോണും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടേണ്ട സാഹചര്യത്തിനും മരണത്തിനും കാരണമാകുന്നുണ്ട്. പകർച്ചവ്യാധിയുടെ ഏറ്റവും മോശം അവസ്ഥ ഈ വർഷം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
സമ്പന്നരും ദരിദ്രരുമായ രാജ്യങ്ങൾ തമ്മിലുള്ള വാക്സിനേഷനിലെ അസന്തുലിതാവസ്ഥ ധാർമ്മിക പരാജയമാണെന്ന് ഡബ്ല്യുഎച്ച്ഒ ആക്ഷേപിച്ചു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ പത്ത് ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ ഒരു ഡോസ് എങ്കിലും വാക്സിൻ ലഭിച്ചിട്ടുള്ളൂ. പരമാവധി വാക്സിനേഷൻ നൽകി രോഗബാധ കുറയ്ക്കണം. വാക്സിനേഷൻ വേഗത്തിലാക്കുന്നത് കോവിഡ് ബാധിച്ചുള്ള മരണങ്ങൾ കുറയ്ക്കാനും സഹായിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...