ഓസ്കർ വേദിയിലെ അടി; വിൽ സ്മിത്തിനെതിരെ നടപടിക്ക് അക്കാദമി
ഓസ്കാര്‍ വേദിയിലെ അടി വലിയ വിവാദമായിരുന്നു. പല തരത്തിലാണ് സംഭവത്തെപ്പറ്റി ലോകത്താകമാനം പ്രതികരണമുണ്ടായത്. ഇപ്പോൾ അക്കാദമി ഹോളിവുഡ് താരത്തിനെതിരെ നടപടിക്കൊരുങ്ങുകയാണ്.
ഓസ്കാർ വേദിയിൽ ഭാര്യയെ പരിഹസിച്ചതിന് അവതാരകനായ ക്രിസ് റോക്ക്‌സിനെ അടിച്ചതിൽ ഹോളിവുഡ് താരം വിൽ സ്മമിത്തിനെതിരെ നടപടിക്ക് അക്കാദമി. മെഗാസ്റ്റാറിനെതിരെ അച്ചടക്ക നടപടി എടുക്കാനാണ് അക്കാദമി ആലോചിക്കുന്നത്. ഏപ്രിൽ 18ന് ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കും. മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടിയ വിൽ സ്മിത്ത് ഭാര്യ ജെയ്ദ പിങ്കറ്റിനെ അവതാരകൻ കളിയാക്കിയതാണ് ചൊടിപ്പിച്ചത്. തലയിൽ മുടിയില്ലാത്ത ജയ്ദയെ കണ്ടപ്പോൾ ജി.ഐ ജെയ്‌ൻ എന്ന സിനിമയിൽ നടി ഡെമി മൂറിനെ ഓർമ വന്നു എന്നാണ് കൊമേഡിയനായ ക്രിസ് പറഞ്ഞത്.
തലമുടി കൊഴിഞ്ഞുപോകുന്ന അലോപേഷ്യ എന്ന രോഗം ഉള്ള ആളാണ് ജെയ്‌ദ. സംഭവശേഷം വിൽ സ്മിത്തിനോട് വേദി വിട്ടുപോകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ലെന്നും അക്കാദമി വ്യക്തമാക്കി. ലോകമെങ്ങും ലൈവായി കാണുന്ന ഹോളിവുഡിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വേദിയെ അപമാനിച്ചതിന് എന്ത് നടപടി എടുക്കണമെന്ന് ആലോചിച്ച് തീരുമാനിക്കും. അക്കാദമി പെരുമാറ്റച്ചട്ടം ലംഘിച്ചതിനും ഭീഷണിപ്പെടുത്തിയതിനും അക്കാദമിയുട അന്തസ് കളങ്കപ്പെടുത്തിയതിനും അച്ചടക്ക നടപടി എടുക്കാനാണ് ബോർഡ് തീരുമാനം.
Read Also: വിൽ സ്മിത്തിന്റെ ഭാര്യ നേരിടുന്ന പ്രശ്നം എന്ത് ? എന്താണ് അലോപേഷ്യ?
15 ദിവസത്തെ നോട്ടീസ് നൽകും. അതിന് മറുപടി നൽകാനും സ്മിത്തിന് സമയം അനുവദിക്കും. ഏപ്രിൽ 18നാണ് അടുത്ത ബോർഡ് മീറ്റിങ്. വിൽ സ്മിത്തിനെ പുറത്താക്കണോ വിലക്ക് ഏർപ്പെടുത്തണോ എന്ന കാര്യത്തിൽ അന്ന് തീരുമാനമെടുക്കും. ഒരാളെ അക്കാദമിയിൽ നിന്ന് പുറത്താക്കുക അപൂർവമാണ്. 2017ൽ ലൈംഗികാരോപണത്തിൽ ഉൾപ്പെട്ടതിനെത്തുടർന്ന് ഹാർവെ വെയ്സ്റ്റിനെ പുറത്താക്കിയിരുന്നു. 13 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ 2019ൽ സംവിധായകൻ റോമൻ പോളൻസ്‌കിയെയും പുറത്താക്കിയിരുന്നു.
മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ച ശേഷം വിൽ സ്മിത്ത് സംഭവത്തിൽ മാപ്പ് പറഞ്ഞിരുന്നു. തന്റെ പ്രവർത്തി തെറ്റായിപ്പോയെന്നും അതിരുകടന്നെന്നും വികാരാദീനനായി പറഞ്ഞിരുന്നു. ഭാര്യയുടെ രോഗത്തെക്കുറിച്ചുള്ള തമാശ സഹിക്കാവുന്നതിലും അപ്പുറമാണെന്നും ആയിരുന്നു വിൽ സ്മിത്ത് ക്ഷമാപണത്തിൽ പറഞ്ഞത്. സ്മിത്തിനെതിരെ ക്രിസ് റോക്ക് പൊലീസിൽ പരാതി നൽകാൻ വിസമ്മതിച്ചിരുന്നു. എന്നാൽ മോശം പ്രവർത്തിയെക്കുറിച്ച് താൻ ഒരിക്കൽ പ്രതികരിക്കുമെന്നും അത് വളരെ പ്രധാനപ്പെട്ടത് ആയിരിക്കും എന്നാണ് ക്രിസ് റോക്ക് വ്യക്തമാക്കിയത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് വരികയാണ്.
വിൽ സ്മിത്ത് സംഘിയെന്ന് കങ്കണ
ഓസ്കാർ വേദിയിൽ ക്രിസ് റോക്കിന്റെ മുഖത്തടിച്ച വിൽ സ്മിത്ത് തന്നെപ്പോലെ റൗഡിയാണെന്നാണ് ബോളിവുഡ് നടി കങ്കണ റണാവത്ത് പറഞ്ഞത്. വിൽ സ്മിത്ത് സംഘിയാണെന്ന് തെളിയിച്ചു എന്ന് പറഞ്ഞാണ് ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചത്. ഒരു കൂട്ടം വിഡ്ഢികളെ ചിരിപ്പിക്കാൻ തന്റെ അമ്മയുടേയോ സഹോദരിയുടേയെ അസുഖത്തെ പരാമർശിച്ചാൽ താൻ അവരെ അടിക്കുമെന്നും കങ്കണ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...