ഇസ്ലാമാബാദ്: ഇന്ത്യൻ വ്യോമസേനയുടെ വ്യോമാക്രമണത്തിന്റെ ഞെട്ടൽ മാറാതെ പാക്കിസ്ഥാന്‍. എങ്കിലും ഇന്ത്യയുടെ വെല്ലുവിളി നേരിടുമെന്നും വേണ്ട സമയത്ത് തിരിച്ചടി നല്‍കുമെന്നും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ പാകിസ്ഥാനിൽ ശക്തമായ രീതിയിൽ ആക്രമണം നടത്തിയതായും, അതിർത്തി രേഖ ലംഘിച്ചതായും പറഞ്ഞ പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പാകിസ്ഥാനും തിരിച്ചടിയ്ക്കാൻ അവകാശമുണ്ടെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്.


ഇന്ത്യ ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് നേരത്തെ ലോകത്തോട് പാക്കിസ്ഥാന്‍ പറഞ്ഞിരുന്നു. ഇന്ന് അവര്‍ അത് ചെയ്തിരിക്കുന്നുവെന്നും ഖുറേഷി പറഞ്ഞു. ഇതിന് പാകിസ്താന്‍ തിരിച്ചടി നല്‍കും. സ്വയം പ്രതിരോധത്തിനു പാക്കിസ്ഥാന് അവകാശമുണ്ടെന്നും ഷാ ഖുറേഷി അറിയിച്ചു. 


ഇതിനിടെ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടിയന്തര കാബിനറ്റ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ മിന്നലാക്രമണം സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.


ഇന്ത്യൻ വ്യോമസേനയുടെ 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ 1000 പൗണ്ട് ബോംബാണ് പാക്കിസ്ഥാനില്‍ വർഷിച്ചത്. കാർഗിൽ യുദ്ധത്തിനു ശേഷം ആദ്യമായാണ് മിറാഷ് വിമാനങ്ങൾ ഉപയോഗിക്കുന്നത്. വ്യോമാക്രമണത്തിന്റെ ചിത്രങ്ങൾ പാകിസ്ഥാൻ പുറത്തുവിട്ടിരുന്നു.


മൂസഫാർ ബാദ്, ബലാകോട്ട്, ചകോട്ട് മേഖലകളിലായിരുന്നു ഇന്ത്യയുടെ വ്യോമാക്രമണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിർദേശത്തെ തുടർന്നായിരുന്നു തിരിച്ചടി. പുലർച്ചെ 3.45 നാണ് ആക്രമണം തുടങ്ങിയത്. 21 മിനിട്ടോളം ഇതു തുടർന്നു.


വലിയ നാശനഷ്ടമാണ് ഭീകരകേന്ദ്രങ്ങളില്‍ ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് ഭീകര ക്യാമ്പുകള്‍ പൂര്‍ണമായും നശിച്ചു. മുന്നൂറോളം പേര്‍ കൊല്ലപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.