ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രസിഡന്‍റും സൈനീക മേധാവിയുമായിരുന്ന പർവേസ് മുഷറഫിന് പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

2013-ല്‍  മുഷറഫ് ആജീവനാന്തം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലായെന്ന് പെഷാവർ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി ചോദ്യം ചെയ്ത് മുഷറഫ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിപരിഗണിച്ച കോടതി ജൂൺ 13ന് ഹാജരാകണമെന്ന ഉപാധിയോടെ മുഷറഫിന് മത്സരിക്കാൻ അനുമതി നല്‍കി. ഈ വിധി വന്നതോടെ ചിത്രാൽ മണ്ഡലത്തിൽ നിന്ന്‌ മുഷറഫ് നാമനിർദേശപത്രിക സമർപ്പിക്കുകയും ചെയ്തു. 


എന്നാൽ, കോടതി ആവശ്യപ്പെട്ട  ജൂൺ 13ന് മുഷറഫ് കോടതിയിലെത്തിയില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കു മുന്‍പായി പാകിസ്ഥാനിലെത്തിയില്ലെങ്കിൽ മുഷറഫിന്‍റെ അഭാവത്തിൽ വിധിപറയുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയെങ്കിലും വിചാരണവേളയിലും മുഷറഫ് കോടതിയിൽ ഹാജരായില്ല.


അതേസമയം, പാകിസ്ഥാനിലേക്ക് വരാൻ മുഷറഫിന് സമയമനുവദിക്കണമെന്നും അനാരോഗ്യം കാരണം പെട്ടെന്ന് വരാൻ സാധിക്കില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിചാരണ അനിശ്ചിതകാലത്തേക്ക് നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


ജൂലായ്‌ 25-നാണ് പാകിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ്.