ഹവാന: ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ വിമാനം തകർന്ന് നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. ഹവാനയിലെ ഹോസെ മാര്‍തി അന്താരാഷ്ട്ര വിമാത്താവളത്തിൽ നിന്ന് പറന്ന് ഉയർന്ന ബോയിംഗ് 737 എന്ന വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്ന് വീണത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

104 യാത്രക്കാരും ഒന്‍പത് ജോലിക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ക്യൂബയുടെ കിഴക്കൻ നഗരമായ ഹൊൽഗ്യൂനിലേക്ക് പോകുകയായിരുന്ന വിമാനം സമീപത്തെ കൃഷിയിടത്തിലേക്കാണ് തകർന്നുവീണത്. 



ഉടൻ തന്നെ വിമാനത്താവളത്തിലെ അഗ്നിശമന വാഹനങ്ങൾ അടക്കം എത്തിച്ച് രക്ഷാപ്രവർത്തനം തുടങ്ങി. അപകടവിവരമറിഞ്ഞ് ക്യൂബൻ പ്രസിഡന്‍റ് മിഗ്വേൽ ഡയസ് കാനൽ സ്ഥലത്തെത്തി. 


സർക്കാർ നിയന്ത്രണത്തിലുള്ള ക്യുബാന കമ്പനിയുടെ വിമാനമാണ് തകർന്നത്. സാങ്കേതിക തകരാർ പതിവായതോടെ പഴക്കം ചെന്ന വിമാനങ്ങൾ പോയ മാസങ്ങളിൽ ക്യുബാന കമ്പനി ഒഴിവാക്കിയിരുന്നു. ഇവയ്ക്ക് പകരം സർവീസ് നടത്താൻ മെക്സികോയിൽ നിന്ന് വാടകയ്ക്ക് എടുത്ത വിമാനമാണ് തകർന്നുവീണത്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി ക്യൂബൻ ഭരണകൂടം അറിയിച്ചു.