Russia - Ukraine War : `നാറ്റോ പ്രകോപിപ്പിക്കുന്നു`; ആണവ ഭീഷണിയുമായി പുടിൻ
നാറ്റോ പ്രകോപിപ്പിക്കുന്നുവെന്ന് പുടിൻ പറഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങളെയും പുടിൻ അതിരൂക്ഷമായി വിമർശിച്ചു.
ആണവ ഭീഷണിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ആണവായുധങ്ങൾ സജ്ജമാക്കാൻ സേന തലവന്മാർക്ക് പുടിൻ നിർദേശം നൽകി. നാറ്റോ പ്രകോപിപ്പിക്കുന്നുവെന്ന് പുടിൻ പറഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങളെയും പുടിൻ അതിരൂക്ഷമായി വിമർശിച്ചു. അതേസമയം ബെലാറൂസിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് പറഞ്ഞു. ബെലാറൂസ് പ്രസിഡന്റുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സെലൻസ്കി തീരുമാനം അറിയിച്ചത്.
യുക്രൈനും റഷ്യയും തമ്മിൽ ചർച്ച അവസാനിക്കും വരെ ബെലാറൂസിൽ സൈനിക നീക്കം ഉണ്ടാകില്ലെന്ന് ബെലാറൂസ് പ്രസിഡന്റ് യുക്രൈനിന് ഉറപ്പ് നൽകി. ബെലറൂസിൽ വെച്ച് ചർച്ചയ്ക്ക് സമ്മതമാണെന്ന് റഷ്യ അറിയിച്ചപ്പോൾ ബെലാറൂസിൽ വച്ച് ചർച്ച നടത്താൻ തയാറല്ലെന്നായിരുന്നു യുക്രൈൻ നിലപാട്. മറ്റേതെങ്കിലും രാജ്യത്ത് വച്ച് ചർച്ച നടത്താമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി പറഞ്ഞിരുന്നു. ഇപ്പോൾ ബെലാറൂസ് പ്രസിഡന്റിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ചർച്ചയ്ക്ക് തയ്യാറായിരിക്കുന്നത്.
റഷ്യക്കൊപ്പം നില്‍ക്കുന്ന രാജ്യമാണ് ബെലാറൂസ്. ആവശ്യമെങ്കില്‍ ബെലാറൂസ് സൈന്യം റഷ്യന്‍ സൈന്യത്തിന് ഒപ്പം ചേരുമെന്ന് പ്രസിഡന്‍റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. റഷ്യയെപ്പോലെ തന്നെ യുക്രൈന് മറ്റൊരു ശത്രു രാജ്യമാണ് ബെലാറൂസ്. അതുകൊണ്ടാണ് ബെലാറൂസില്‍ വച്ചുള്ള ചര്‍ച്ചയ്ക്ക് തയാറല്ലെന്ന് പറഞ്ഞതെന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് അറിയിച്ചിരുന്നത് .
അതേസമയം ഇതുവരെ റഷ്യയുടെ 4300 സൈനികരെ വധിച്ചതായി യുക്രൈൻ അറിയിച്ചിരുന്നു. യുക്രൈനിന്റെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മല്യാർ സായ് ആണ് കണക്കുകൾ പുറത്ത് വിട്ടത്. അത് കൂടാതെ 706 സൈനിക വാഹനങ്ങളും, 146 ടാങ്കുകളും, 26 ഹെലികോപ്റ്ററുകളും, 27 യുദ്ധവിമാനങ്ങളും നശിപ്പിച്ചതായി അറിയിച്ചു. യുദ്ധം ആരംഭിച്ച ഫെബ്രുവരി 24 മുതൽ 26 വരെയുള്ള കണക്കുകളാണ് ഇതെന്നാണ് അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...