വുഹാന്‍‍: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയിലെ ജനങ്ങള്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തി ചൈനീസ് അധികൃതര്‍. ചൈനയിലെ ഏഴ് നഗരങ്ങളിലായി രണ്ട് കോടിയോളം വരുന്ന ജനങ്ങള്‍ക്കാണ് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചൈനീസ് പുതുവല്‍സരാഘോഷം ശനിയാഴ്ച തുടങ്ങാനിരിക്കെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഏഴ് നഗരങ്ങളിലായി സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 


ശനിയാഴ്ച തുടങ്ങുന്ന ചൈനീസ് പുതുവല്‍സരാഘോഷത്തില്‍ ആളുകള്‍ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കാനാണ് ലോകാരോഗ്യ സംഘടനയുടെ  നിര്‍ദേശം. അതിവേഗം പടരുന്ന കൊറോണ വൈറസ് നിയന്ത്രണവിധേയമാക്കാന്‍ ചൈന അഞ്ചുനഗരങ്ങള്‍ പൂര്‍ണമായി അടച്ചു.


വൈറസ് ആദ്യം റിപ്പോര്‍ട്ടുചെയ്ത വുഹാനു പിന്നാലെ ഹുബൈ പ്രവിശ്യയിലെ ഹുവാങ്ഗാങ്, ഇജൗ, ഷിജിയാങ്, ക്വിയാന്‍ ജിയാങ് എന്നിവയാണ് അനിശ്ചിതകാലത്തേക്ക് അടച്ചത്. 


നഗരങ്ങളില്‍ വിമാനം, ബസ്, ട്രെയിന്‍, ഫെറി എന്നിവയുള്‍പ്പെടെയുള്ള പൊതുഗതാഗതസംവിധാനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ വ്യാഴാഴ്ച ഉത്തരവിട്ടു. വ്യാഴാഴ്ച രാത്രിയോടെയാണ് ഹുവാങ്ഗാങ്ങിലും ഇജൗവിലും ഷിജിയാങ്ങിലും ക്വിയാന്‍ ജിയാങ്ങിലും നിയന്ത്രണമേര്‍പ്പെടുത്തിയത്.


അതേസമയം, ചൈനയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തഞ്ചായി. ചൈനയിലെ ഹെബെയ് പ്രവിശ്യയില്‍ രോഗം ബാധിച്ച് ഒരാള്‍ മരിച്ചതോടെയാണ്  കടുത്ത നിയന്ത്രണങ്ങളിലേക്ക് ചൈനീസ് ഭരണകൂടം കടന്നത്. 


വുഹാനില്‍നിന്ന് ആയിരത്തോളം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്‌ ഹെബെയ്. ഹുഹാന്‍ഗാ൦ഗ്, ക്സിയാന്‍റോ, എസോ എന്നീ നഗരങ്ങളിലും പൂര്‍ണ യാത്രാനിരോധനം പ്രഖ്യാപിച്ചു.


അതേസമയം, തായ്‌ലന്‍ഡ്, ഹോങ്കോങ്ക്, സിങ്കപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍, അമേരിക്ക എന്നിവിടങ്ങളിലുള്ളവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.