Canada | ഞെട്ടിച്ച് ട്രൂഡോ: കടുത്ത നടപടി; യുഎസ്-കാനഡ അതിർത്തി തുറന്നു
കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെയായിരുന്നു ട്രക്ക് ഡ്രൈവർമാർ പ്രതിഷേധം ആരംഭിച്ചത്.
ഒട്ടാവ: ട്രക്ക് ഡ്രൈവർമാരുടെ പ്രതിഷേധത്തെ തുടർന്ന് അടച്ച കാനഡ-യുഎസ് അതിർത്തി തുറന്നു. കാനഡയിൽ ട്രക്ക് ഡ്രൈവർമാരുടെ പ്രതിഷേധത്തെ തുടർന്നാണ് കാനഡ-യുഎസ് ബോർഡർ അടച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെയായിരുന്നു ട്രക്ക് ഡ്രൈവർമാർ പ്രതിഷേധം ആരംഭിച്ചത്.
യുഎസ്-കാനഡ അതിർത്തി തുറന്നതോടെ കാനഡയിലെ ഒന്റാറിയോയിലെ വിൻസറും യുഎസ് നഗരമായ ഡിട്രോയിറ്റുമായി ബന്ധിപ്പിക്കുന്ന അംബാസഡർ പാലത്തിലെ ഗതാഗതം പുനസ്ഥാപിച്ചു. പാലം പൂർണമായും തുറന്നതായും ചരക്ക് ഗതാഗതം പുനസ്ഥാപിച്ചതായും കനേഡിയൻ ബോർഡർ സർവീസസ് സ്ഥിരീകരിച്ചു.
പ്രതിഷേധം അവസാനിപ്പിക്കുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡ് വാക്സിൻ പരിശോധന നിർബന്ധമാക്കിയതിനെ തുടർന്നാണ് ട്രക്ക് ഡ്രൈവർമാർ പ്രതിഷേധം ആരംഭിച്ചത്. പാലം ഉപരോധിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാൽ, പ്രതിഷേധക്കാർ പാലം ഉപരോധിക്കുന്നത് തുടരുകയായിരുന്നു.
തുടർന്ന് പോലീസ് ബലംപ്രയോഗിച്ചാണ് പ്രതിഷേധക്കാരെ മാറ്റിയത്. ശനിയാഴ്ച രാത്രി ആരംഭിച്ച പോലീസ് നടപടി ഞായറാഴ്ച രാവിലെയോടെയാണ് പൂർത്തിയായത്. സംഭവത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി പോലീസ് അറയിച്ചു.
അതിർത്തി ഉപരോധിക്കുന്ന പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ ധനസഹായം വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെ അപൂർവ്വമായി ഉപയോഗിക്കുന്ന അടിയന്തര അധികാരങ്ങൾ ഉപയോഗിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. പ്രതിഷേധങ്ങൾ സമ്പദ്‌വ്യവസ്ഥയെയും കാനഡയുടെ പ്രശസ്തിയെയും നശിപ്പിക്കുന്നുവെന്ന് പറഞ്ഞ സർക്കാർ, പോലീസ് സേനയെ പിന്തുണയ്ക്കുന്നതിനും ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമുകളെ തീവ്രവാദ ധനസഹായ നിയമത്തിന് കീഴിൽ കൊണ്ടുവരുന്നതിനും നടപടികൾ സ്വീകരിച്ചു.
അതിർത്തി കടന്ന് യാത്ര ചെയ്യുന്ന ഡ്രൈവർമാർക്കുള്ള കോവിഡ് -19 വാക്സിനേഷനും ക്വാറന്റൈനും നിർബന്ധമാക്കിയതിന് എതിരെ "ഫ്രീഡം കോൺവോയ്" എന്ന പേരിലാണ് പ്രതിഷേധം ഉയർന്നത്. കോവിഡ് നിയന്ത്രണങ്ങൾ മുതൽ കാർബൺ ടാക്സ് വരെയുള്ള എല്ലാ കാര്യങ്ങളിലും ട്രൂഡോയുടെ നയങ്ങളെ എതിർക്കുന്ന ആളുകൾ പ്രതിഷേധത്തെ പിന്തുണച്ചു. നിയമവിരുദ്ധവും അപകടകരവുമായ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കില്ലെന്ന് ട്രൂഡോ മുന്നറിയിപ്പ് നൽകിയിരുന്നു.
ഉപരോധത്തെ പിന്തുണക്കുന്നതായി സംശയിക്കുന്നവരുടെ അക്കൗണ്ടുകൾ കോടതി ഉത്തരവ് ലഭിക്കാതെ തന്നെ താൽകാലികമായി മരവിപ്പിക്കാൻ ബാങ്കുകൾക്ക് സർക്കാർ അനുമതി നൽകും. കൂടാതെ, ഉപരോധത്തിൽ ഉൾപ്പെട്ട ട്രക്കുകളുടെ ഇൻഷുറൻസ് താൽക്കാലികമായി നിർത്തിവയ്ക്കും. പ്രതിഷേധങ്ങൾക്കുള്ള ഫണ്ടിന്റെ പകുതിയോളം യുഎസ് അനുഭാവികളിൽ നിന്നാണെന്ന് കനേഡിയൻ അധികൃതർ പറഞ്ഞു.
എന്നാൽ, ഇന്ത്യയിലെ കർഷക സമരത്തെ പിന്തുണച്ച സർക്കാർ തന്നെ തങ്ങളുടെ രാജ്യത്തെ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതും ചർച്ചയാകുകയാണ്. മുഖ്യധാരാ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ ഗോ ഫണ്ട് മീ ഗ്രൂപ്പിലേക്കുള്ള സംഭാവനകൾ തടഞ്ഞതിനെത്തുടർന്ന് യുഎസ് ആസ്ഥാനമായുള്ള ഗിവ് സെൻഡ് ഗോ വഴിയാണ് പ്രതിഷേധക്കാർ പണം സ്വരൂപിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...