Russia-Ukraine war: പുടിൻ യുദ്ധക്കുറ്റവാളിയെന്ന് ആവർത്തിച്ച് ബൈഡൻ; പോളണ്ട് സന്ദർശിച്ച് യുഎസ് പ്രസിഡന്റ്
യുദ്ധം വിലയിരുത്തുന്നതിനായി ബൈഡൻ പോളണ്ടിലെ നാറ്റോ സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി
വാർസ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ യുദ്ധക്കുറ്റവാളിയായാണ് കാണുന്നതെന്ന പ്രസ്താവന ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തിൽ ജോ ബൈഡൻ പോളണ്ട് സന്ദർശിച്ചു. യുദ്ധം വിലയിരുത്തുന്നതിനായി ബൈഡൻ പോളണ്ടിലെ നാറ്റോ സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
പോളണ്ടിലെ അഭയാർഥി പ്രശ്‌നം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. അമേരിക്കൻ പ്രസിഡന്റിന്റെ പോളണ്ട് സന്ദർശനത്തെ ഏറെ ശ്രദ്ധേയോടെയാണ് ലോക രാജ്യങ്ങൾ നോക്കിക്കാണുന്നത്. പോളണ്ടിലെ അഭയാർഥി പ്രശ്‌നം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായി. റഷ്യൻ അധിനിവേശത്തെത്തുടർന്ന് രണ്ട് മില്യണിലധികം അഭയാർഥികൾ പോളണ്ടിൽ എത്തിയതായാണ് കണക്ക്.
3.5 മില്യൺ ആളുകളാണ് യുക്രൈനിൽ നിന്നും പലായനം ചെയ്തത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാർഥി പ്രതിസന്ധി യൂറോപ്പ് നേരിടുന്ന ഘട്ടത്തിൽ പോളണ്ട് വലിയ സഹായമാണ് ചെയ്തതെന്ന് ബൈഡൻ പറഞ്ഞു. റഷ്യക്കെതിരായ യുക്രൈൻ ജനതയുടെ ചെറുത്തുനിൽപ്പ് അഭിനന്ദനാർഹമാണെന്നും ബൈഡൻ പോളണ്ട് സന്ദർശന വേളയിൽ വ്യക്തമാക്കി.
യുക്രൈനുമായി ചേർന്ന് കിടക്കുന്ന തെക്ക്-കിഴക്കൻ അതിർത്തിയിലെ റസെസോവ് പട്ടണത്തിലായിരുന്നു ബൈഡൻ ആദ്യം എത്തിയത്. അവിടെയുള്ള യുഎസ് സൈനികരുമായും ബൈഡൻ കൂടിക്കാഴ്ച നടത്തി. യുക്രൈനിൽ നിന്നുള്ള ഒരു ലക്ഷത്തിൽ അധികം അഭയാർഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക അറിയിച്ചിരുന്നു. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക് മാനുഷിക സഹായം നൽകുമെന്നും ബൈഡൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...