ഇന്ത്യൻ പൗരന്മാരെ യുക്രൈൻ ബന്ദികളാക്കുന്നു, ആരോപണവുമായി വീണ്ടും റഷ്യ
ഇന്ത്യയിൽ നിന്നുള്ളവരെ മാത്രമല്ല മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെയും യുക്രൈൻ ബന്ദികളാക്കി വച്ചിരിക്കുകയാണെന്ന് റഷ്യ ആരോപിക്കുന്നു.
ഇന്ത്യക്കാരെ യുക്രൈൻ ബന്ദികളാക്കിയെന്ന ആരോപണവുമായി വീണ്ടും റഷ്യ. സുമിയിലും ഖാർകിവിലുമായി മൂവായിരത്തിലധികം ഇന്ത്യൻ പൗരന്മാരെ യുക്രൈൻ ബന്ദികളാക്കുകയാണെന്നാണ് റഷ്യയുടെ ആരോപണം. യുഎൻ രക്ഷാസമിതിയിലാണ് റഷ്യ ഇക്കാര്യം അറിയിച്ചത്. വിദേശികളുടെ ഒഴിപ്പിക്കലിന് ആവശ്യമായതെല്ലാം തങ്ങൾ ചെയ്യുന്നുണ്ടെന്നും.
ഇന്ത്യയിൽ നിന്നുള്ളവരെ മാത്രമല്ല മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെയും യുക്രൈൻ ബന്ദികളാക്കി വച്ചിരിക്കുകയാണെന്ന് റഷ്യ ആരോപിക്കുന്നു. യുക്രൈൻ തടവിലാക്കിയ വിദേശ പൗരന്മാരുടെ എണ്ണം - ഖാർകിവിൽ ഇന്ത്യയിലെ 3,189 പൗരന്മാരും വിയറ്റ്നാമിലെ 2,700 പൗരന്മാരും ചൈനയിലെ 202 പൗരന്മാരും ഉൾപ്പെടുന്നു. സുമിയിൽ 576 ഇന്ത്യൻ പൗരന്മാരും 101 ഘാന പൗരന്മാരും 121 ചൈനീസ് പൗരന്മാരും ഉൾപ്പെടുന്നു.
അതിനിടെ നാറ്റോയ്ക്കെതിരെ വിമർശനവുമായി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി രംഗത്തെത്തി. യുക്രൈനിൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന ആവശ്യം നാറ്റോ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നാറ്റോയ്ക്കെതിരെ വിമർശനവുമായി സെലെൻസ്കി രംഗത്തെത്തിയത്. റഷ്യയ്ക്ക് യുദ്ധം തുടരാൻ നാറ്റോ പച്ചക്കൊടി വീശുകയാണെന്ന് സെലെൻസ്കി ആരോപിച്ചു.
അതേസമയം, യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയമായ സപോർഷിയ ആണവ നിലയം യുക്രൈന്റെ നിയന്ത്രണത്തിലായെന്ന് റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം റഷ്യ ആണവ നിലയത്തിൽ ആക്രമണം നടത്തിയിരുന്നു. വോളോഡിമിർ സെലൻസ്കിയുടെ ഉപദേശക വിഭാഗം മേധാവി ആക്രമണത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...