Russia Ukraine war: `യുക്രൈന്റെ വ്യോമപാത ഉടൻ അടയ്ക്കണം, റഷ്യ നാറ്റോ രാജ്യങ്ങളെയും ആക്രമിച്ചേക്കും`; മുന്നറിയിപ്പുമായി സെലെൻസ്കി
യുക്രൈന്റെ വ്യോമപാത അടയ്ക്കാൻ നാറ്റോ തയ്യാറായില്ലെങ്കിൽ മിസൈലുകൾ നാറ്റോ അംഗരാജ്യങ്ങളിലും പതിക്കുമെന്നാണ് സെലെൻസ്കി മുന്നറിയിപ്പ് നൽകുന്നത്
കീവ്: റഷ്യ, നാറ്റോ രാജ്യങ്ങളെയും ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. റഷ്യക്കെതിരെ ശക്തമായ പ്രതിരോധവും ഉപരോധങ്ങളും ഏർപ്പെടുത്തിയില്ലെങ്കിൽ യുദ്ധം ഉണ്ടാകുമെന്ന് താൻ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അത് യാഥാർഥ്യമായെന്നും സെലെൻസ്കി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. യുക്രൈന്റെ വ്യോമപാത അടയ്ക്കാൻ നാറ്റോ തയ്യാറായില്ലെങ്കിൽ മിസൈലുകൾ നാറ്റോ അംഗരാജ്യങ്ങളിലും പതിക്കുമെന്നാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷന് (നാറ്റോ) സെലെൻസ്കി മുന്നറിയിപ്പ് നൽകുന്നത്.
പോളിഷ് അതിർത്തിക്കടുത്തുള്ള യുക്രേനിയൻ സൈനിക താവളത്തിൽ റഷ്യ വ്യോമാക്രമണം നടത്തിയ സാഹചര്യത്തിലാണ് വോളോഡിമിർ സെലെൻസ്‌കി നാറ്റോ സഖ്യത്തിന് മുന്നറിയിപ്പ് നൽകിയത്. യുക്രൈനിൽ റഷ്യ നടത്തിയ വെടിവെയ്പിൽ അമേരിക്കൻ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തെ സെലെൻസ്കി അപലപിച്ചു. അതേസമയം, തന്ത്രപ്രധാനമായ തെക്കൻ തുറമുഖ നഗരമായ മരിയുപോളിൽ കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. ഇവിടെ രണ്ടായിരത്തോളം പേർ മരിച്ചതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. പടിഞ്ഞാറൻ യുക്രൈനിൽ നിന്ന് ഭൂരിഭാഗം ജനങ്ങളെയും ഒഴിപ്പിച്ചുവെങ്കിലും ശനി, ഞായർ ദിവസങ്ങളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വിവിധയിടങ്ങളിൽ റഷ്യൻ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 134 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലിവിവ് നഗരത്തിന് പുറത്തുള്ള യാവോറിവിനടുത്തുള്ള സൈനിക താവളം പോളണ്ടിന്റെ അതിർത്തിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് സെലെൻസ്കി നാറ്റോ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്. ഇവിടെയും റഷ്യൻ സൈന്യം വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ട്. യുക്രൈനിൽ റഷ്യ, ശക്തമായ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ റഷ്യക്കെതിരെ കനത്ത ഉപരോധങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...