ന്യൂയോര്‍ക്ക്: ന്യൂയോർക്കിൽ സ്റ്റേജിൽ പ്രസം​ഗിക്കുന്നതിനിടെ തീവ്രവാദിയുടെ കുത്തേറ്റ് ചികിത്സയിലുള്ള എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടതായി റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം റുഷ്ദിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സൽമാൻ റുഷ്ദി ആശുപത്രിയിൽ തുടരുകയാണ്. റുഷ്ദി സംസാരിച്ചതായും മുറിയിൽ അൽപദൂരം നടന്നതായും റിപ്പോർട്ടുകളുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റുഷ്ദിക്ക് മികച്ച പരിചരണമാണ് നല്‍കുന്നതെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ അറിയിച്ചു. ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂട്ടിലെ ചടങ്ങിനിടെ വേദിയിലേക്ക് പാഞ്ഞെത്തിയ അക്രമിയാണ് റുഷ്ദിയെ കഴുത്തില്‍ കുത്തിവീഴ്ത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്‌സിയില്‍ നിന്നുള്ള ഹാദി മറ്റാര്‍ (24) ആണ് പിടിയിലായതെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു. സാത്താനിക് വേഴ്‌സസ് എന്ന പുസ്തകത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനി പുറപ്പെടുവിച്ച ഫത്വയെത്തുടര്‍ന്ന് 30 വര്‍ഷക്കാലം നേരിട്ട കൊലപാതക ശ്രമങ്ങളാണ് ഇപ്പോഴത്തെ അക്രമത്തിൽ എത്തി നിൽക്കുന്നതെന്നാണ് കരുതപ്പെടുന്നത്.


കുറ്റവാളി ഹാദി മറ്റാർ കോടതിയിൽ കുറ്റം നിഷേധിച്ചു. സ്റ്റേറ്റ് പോലീസ് ജെയിംസ്ടൗണില്‍ നിന്ന് ഹാദി മറ്റാറിനെ ചൗതൗക്വാ കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. ഇയാളുടെ മാതാവിനെയും കോടതിയില്‍ ഹാജരാക്കി. മറ്റാറിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. കോടതി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.


ALSO READ: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; സംഭവം സ്റ്റേജിൽ പരിപാടിക്കിടെ


ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സർ അഹ്മദ് സൽമാൻ റുഷ്ദി. മിഡ്നൈറ്റ്സ് ചിൽഡ്രൻ, സാത്താനിക് വേർസസ് എന്നീ കൃതികളിലൂടെയാണ് അദ്ദേഹം ലോകപ്രശസ്തനായത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷം ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിർണായക ഘട്ടങ്ങളിലൂടെ അതിജീവിക്കുന്ന വ്യക്തിയുടെ ജീവിതമായിരുന്നു നോവലിന്റെ ഇതിവൃത്തം. 1988ൽ പ്രവാചകൻ മുഹമ്മദ് നബിയെ മുൻനിർത്തി എഴുതിയ റുഷ്ദിയുടെ നാലാമത്തെ പുസ്തകം, 'ദ സാത്താനിക് വേഴ്‌സസ്' നിരവധി വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.  പുസ്തകം നിരവധി രാജ്യങ്ങൾ നിരോധിച്ചിരുന്നു.


1989 ഫെബ്രുവരി 14ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയ റുഷ്ദിയെ വധിക്കുന്നവർക്ക് മൂന്നു മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു ഭീഷണികൾ ഉയർന്നത്. പിന്നീട് സ്വയരക്ഷയ്ക്കായി അദ്ദേഹം പലായനം ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ശേഷം 2004ൽ ഇറാൻ ഫത്വ പിൻവലിച്ചതോടെയാണ് പൊതുവേദികളിൽ വീണ്ടും അദ്ദേഹം സജീവമാകുന്നത്.


ന്യൂയോർക്കിലെ ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിനെതിരെ ആക്രമണം ഉണ്ടായത്. റുഷ്ദി വേദിയിലെത്തി കസേരയിലിരുന്നതിന് തൊട്ടുപിന്നാലെയാണ് ആക്രമിക്കപ്പെട്ടത്. സദസിലിരുന്ന കറുത്ത വസ്ത്രം ധരിച്ച ഒരാൾ മിന്നൽ വേഗത്തിൽ വേദിയിലേക്ക് കയറി സൽമാൻ റുഷ്ദിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. രക്തത്തിൽ കുളിച്ച് നിലത്തുവീണ റുഷ്ദിക്ക് സ്റ്റേജിൽ വച്ചുതന്നെ പ്രഥമ ശ്രുശ്രൂഷ നൽകി. സദസിലുണ്ടായ ഒരു ഡോക്‌ടറായിരുന്നു അദ്ദേഹത്തെ പരിചരിച്ചത്.  കഴുത്തിന്റെ വലതുവശത്ത് അടക്കം ശരീരത്തിൽ നിരവധി തവണ കുത്തേറ്റിരുന്നതായി ഡോക്ടർ അറിയിച്ചു. റുഷ്ദിയെ ഹെലികോപ്റ്റർ വഴിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ