ഫിന്‍ലന്‍ഡ്: സനാ മരിന്‍ ഇന്ന് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ ഒരു പുതിയ ചരിത്രം കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന വിശേഷണം ഇനി സനാ മരിന് സ്വന്തം!! 


യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡിന്‍റെ മുഖമായി മാറുന്ന സനാ മരിന്‍റെ പ്രായം വെറും 34 വയസ്സാണ്. പ്രായം കുറവെങ്കിലും രാഷ്ട്രീയ രംഗത്ത് പുതുമുഖമല്ല സനാ മരിന്‍. 


'എന്‍റെ പ്രായത്തെക്കുറിച്ചോ ലിംഗഭേദത്തെക്കുറിച്ചോ ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല, ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന്‍റെ കാരണങ്ങളെക്കുറിച്ചും വോട്ടര്‍മാരുടെ വിശ്വാസം നേടിയ കാര്യങ്ങളെക്കുറിച്ചുമാണ് ചിന്തിക്കുന്നത്' മരിന്‍ പറഞ്ഞു. 


സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി നേതാവ് ആന്‍റി റിന്നേ രാജിവച്ചതിനെത്തുടർന്നാണ് ഗതാഗത മന്ത്രിയായിരുന്ന സനാ മരിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. പാർട്ടി യോഗത്തിൽ 29 നെതിരെ 32 വോട്ടു നേടിയാണ് സന സ്ഥാനമുറപ്പിച്ചത്!!


അഞ്ച് പാര്‍ട്ടികള്‍ അടങ്ങുന്ന സഖ്യത്തിന്‍റെ പിന്തുണയാണ് സനാ മരിനുള്ളത്. 


"വിശ്വാസം തിരിച്ചുപിടിക്കാന്‍ ഞങ്ങള്‍ക്ക് വളരെയധികം ജോലികള്‍ ചെയ്യാനുണ്ട്," ഞായറാഴ്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥി വോട്ടെടുപ്പിന് ശേഷം മരിന്‍ പറഞ്ഞു.


ഫിന്‍ലന്‍ഡിലെ  മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ് സനാ മരിന്‍. 


സനാ മരിന്‍ ഒരു പുതു ചരിത്രം സൃഷ്ടിക്കുമ്പോള്‍ പിന്നിലേയ്ക്ക് മാറുന്നത് 35 ാം വയസില്‍ യുക്രേനിയന്‍ പ്രധാനമന്ത്രിയായ ഒലെക്‌സി ഹോഞ്ചുറൂക്കും 39ാം വയസില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായ ജസീന്ദ ആഡേണുമാണ്. 


ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവന്നിരുന്നു. രാജ്യത്ത് തുടരുന്ന പണിമുടക്കുകള്‍ കൈകാര്യം ചെയ്ത രീതിയുടെ പശ്ചാത്തലത്തില്‍ റിന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി സഖ്യത്തിലെ പാര്‍ട്ടികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് സനാ മരിന് നറുക്ക് വീണത്.