Earth: വേഗത്തിൽ തണുക്കുന്നു ഭൂമിയുടെ അകക്കാമ്പ്; ഭൂമി തണുത്തുറയും
കോറിന്റെ താപനില പ്രതീക്ഷിച്ചതിലും വേഗത്തിലാണ് കുറയുന്നതെന്നാണ് ശാസ്ത്രലോകം പറയുന്നത്.
നാലര ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിയൊരു ചുട്ടുപഴുത്ത ഗോളമായിരുന്നുവെന്ന് നമ്മൾ പഠിച്ചിട്ടുണ്ട്. പിന്നീട് കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് പരിണാമം സംഭവിച്ചാണ് ഇന്ന് കാണുന്ന ഭൂമിയായി മാറിയതെന്നും നമുക്കറിയാം. ഭൂമിയെന്ന ഗോളത്തിന് മൂന്ന് പാളികൾ ഉണ്ട്. കോർ, മാന്റിൽ, ക്രസ്റ്റ് എന്നിവയാണവ.
ഇവയിൽ ഏറ്റവും അകത്തുള്ള പാളിയാണ് കോർ. ഈ ഭാഗം ഇപ്പോഴും ചുട്ടുപഴുത്ത അവസ്ഥയിൽ തന്നെയാണ്. ഭൂമിയുടെ ഗുരുത്വാകർഷണം ഉൾപ്പെടെയുള്ള ശേഷി കോറിൽ നിന്നാണ് ഉണ്ടാകുന്നത്. ഭൂമിയുടെ നിലനിൽപ്പിന് ആധാരമായ ജിയോ തെർമൽ ഊർജം ഉത്പാദിപ്പിക്കുന്നതും മേൽപാളികളുടെ ചലനം സാധ്യമാക്കുന്നതും കോർ തന്നെയാണ്.
ചുട്ടുപഴുത്തിരിക്കുന്ന ഈ ഉൾക്കാമ്പ് പതിയെ തണുത്തുകൊണ്ടിരിക്കുകയാണെന്ന് ഗവേഷകർ കണ്ടെത്തിരുന്നു. എന്നാൽ കോറിന്റെ താപനില പ്രതീക്ഷിച്ചതിലും വേഗത്തിലാണ് കുറയുന്നതെന്നാണ് ശാസ്ത്രലോകം പറയുന്നത്. ശാസ്ത്രജ്ഞനായ പ്രൊഫ. മൊതോഹികൊ മുറകാമിയും കർനേജ് ശാസ്ത്ര സർവകലാശാലയിലെ ചില ശാസ്ത്രജ്ഞരും ചേർന്നാണ് കോറിന്റെ താപനില അളക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കോർ മേഖലയിൽ നിന്ന് ഭൂമിയുടെ മുകൾതട്ടിലേക്കെത്തുന്ന ബ്രിഡ്ജ്മനൈറ്റ് എന്ന ധാതുവിനെ ആശ്രയിച്ചാണ് കോർ താപനില കണക്കാക്കുന്നത്.
കോറിനും മാന്റിലിനും ഇടയിലാണ് ഈ ധാതുശേഖരം ഉണ്ടാവുന്നത്. ബ്രിഡ്ജ്മനൈറ്റ് ധാതുവിന്റെ പഠനത്തിലൂടെയാണ് ഭൂമിയുടെ അകക്കാമ്പിലെ താപനില കുറഞ്ഞു വരുന്നെന്ന നിഗമനത്തിൽ ഗവേഷകർ എത്തിയത്. കോറിനുള്ളിലെ താപം എരിഞ്ഞടങ്ങുന്നതോടെ ഭൂമി തണുത്തുറയുമെന്നും ശാസ്ത്രലോകം പറയുന്നു. ഈ പ്രക്രിയയ്ക്ക് ഇനിയും കോടിക്കണക്കിന് വർഷങ്ങൾ വേണ്ടിവരും. ഭൂമി തണുത്തുറയുന്നതിന് ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് താപസ്രോതസ് നഷ്ടപ്പെട്ട് ഭൂമി ജീവന് നിലനിൽക്കാൻ സാധിക്കാത്ത ഗ്രഹമായി മാറിയേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...