Islamabad : പാകിസ്ഥാന്‍റെ ഇരുപത്തിമൂന്നാമത് പ്രധാനമന്ത്രിയായി ഷെഹബാസ് ഷെരീഫിനെ പാകിസ്ഥാൻ ദേശീയ അസംബ്ലി തെരഞ്ഞെടുത്തു. പാകിസ്ഥാൻ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇമ്രാൻ ഖാനെതിരെ സഭ ചേർന്ന് അവിശ്വാസപ്രമേയം ചർച്ച ചെയ്ത് വോട്ടിനിടുകയും ഇമ്രാൻ ഖാനെ പുറത്താക്കുകയും ചെയ്തതോടെയാണ് പുതിയ പ്രധാനമന്ത്രിയെ സഭ ചേർന്ന് തെരഞ്ഞെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സർദാർ അയസ് സാദിഖിന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നിന്ന് ഇമ്രാൻ ഖാൻ അനുകൂലികൾ വിട്ടു നിന്നു. ഷെഹബാസ് ഷെരീഫ് മാത്രമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നതെന്നും ശ്രദ്ധേയമായി. പാകിസ്ഥാൻ മുസ്ലീം ലീഗ് നവാസിന്‍റെ അധ്യക്ഷനും മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സഹോദരനുമാണ് ഷെഹബാസ് ഷെരീഫ്.


ഇമ്രാൻ സർക്കാരിനെ താഴെയിറക്കാനുള്ള ചരടുവലികൾ നടത്തിയത് ഷെഹബാസ് ഷെരീഫ് ആണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിലെ അംഗങ്ങൾ എല്ലാം രാജി സമർപ്പിച്ചു. ഇതിന് ശേഷമാണ് ഇവർ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. 


ദേശീയ അംബ്ലിയിൽ നിന്ന് താൻ രാജിവയ്ക്കുകയാണെന്ന കാര്യം ഇമ്രാൻ ഖാൻ ട്വീറ്റിലൂടെയാണ് അറിയിച്ചത്. തന്നെ പുറത്താക്കാൻ യുഎസ് നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണ് അവിശ്വാസപ്രമേയമെന്ന് ഇമ്രാൻ വാദിച്ചിരുന്നു. ഇതിനെ തുടർന്ന് അവിശ്വാസപ്രമേയം ചർച്ച ചെയ്യാതെ സഭ പിരിച്ചുവിട്ട ഇമ്രാൻ ഖാൻ രാജ്യത്ത് ഉടൻ പൊതു തെരഞ്ഞെടുപ്പ് നടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാകിസ്ഥാൻ സുപ്രീംകോടതി ഇടപെട്ടാണ് സഭ പുനഃസ്ഥാപിച്ച് ഇമ്രാനെതിരായ അവിശ്വാസപ്രമേയം ചർച്ച ചെയ്യണമെന്ന് വിധിച്ചത്. അവിശ്വാസപ്രമേയം ചർച്ച ചെയ്യാത്ത ഡെപ്യൂട്ടി സ്പീക്കറുടെ നടപടിയെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു.


പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ നഗരങ്ങളിൽ സൈന്യവും പൊലീസും വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ യുവാക്കളോട് യുഎസ് അട്ടിമറിയിൽ പ്രതിഷേധം നടത്താൻ ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തതോടെ വലിയ പ്രതിഷേധമാണ് നടക്കുന്നത്.


 പാകിസ്ഥാൻ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇമ്രാൻ ഖാനെതിരെ സഭ ചേർന്ന് അവിശ്വാസപ്രമേയം ചർച്ച ചെയ്ത് വോട്ടിനിടുകയും ഇമ്രാൻ ഖാനെ പുറത്താക്കുകയും ചെയ്തതോടെയാണ് പുതിയ പ്രധാനമന്ത്രിയെ സഭ ചേർന്ന് തെരഞ്ഞെടുത്തത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.