viral video: നടപ്പാത പിളര്‍ന്നു, അഗാധ ഗര്‍ത്തത്തിലേക്ക്
ബുധനാഴ്ച തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ നഗരത്തിലാണ് സംഭവം നടന്നിരിക്കുന്നത്.
തുര്‍ക്കി: പ്രതീക്ഷിക്കാത്തിടത്ത് പതുങ്ങിയായിരിക്കും അപകടങ്ങള്‍ നമ്മെ കാത്തിരിക്കുന്നത് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും ഇതൊരു വല്ലാത്ത സംഭവം ആണ്. ഒരു പ്രഹസനവും ഇല്ലാതെ ചവിട്ടി നില്‍ക്കുന്ന ഭൂമി പിളര്‍ന്നു താഴോട്ടു പോകുക എന്ന് പറഞ്ഞാലോ? കേള്‍ക്കുമ്പോള്‍ തന്നെ പേടി ആകുന്നുണ്ട് അല്ലെ. എന്നാല്‍ ഇത് സംഭവിച്ചിരിക്കുകയാണ് തുര്‍ക്കിയില്‍.
തുര്‍ക്കിയില്‍നിന്നുള്ള ഈ അപൂര്‍വ സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇതിലെ അപ്രതീക്ഷിതത്വംകൊണ്ടാണ് എന്നതില്‍ സംശയമില്ല.
വീഡിയോ കാണാം:
ബുധനാഴ്ച തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ നഗരത്തിലാണ് സംഭവം നടന്നിരിക്കുന്നത്. പാതയോരത്തെ ഫുട്പാത്തില്‍ കൂടി നടന്നുവരുന്ന രണ്ടു യുവതികളാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. നടപ്പാതയില്‍ ഒരിടത്തെത്തുമ്പോള്‍ അപ്രതീക്ഷിതമായി അവര്‍ നില്‍ക്കുന്നിടം പൂര്‍ണമായും ഇടിഞ്ഞു താഴുന്നു. ഒപ്പം ഇരുവരും ഒരു ഗര്‍ത്തത്തിലേയ്ക്ക് വീഴുന്നു. കാഴ്ചക്കാരില്‍ ഞെട്ടലും ഭയവും ജനിപ്പിക്കുന്നതാണ് ഈ ദൃശ്യം.
നഗരത്തിലെ പ്രധാന ഓവുചാലിനു മുകളില്‍കൂടി പണിതിരിക്കുന്ന നടപ്പാതയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. ഏറെ ആഴമുള്ള ഓവുചാലിലേക്കാണ് കാല്‍നടയാത്രക്കാരികളായ സൂസന്‍ കുഡേ ബാലിക്, ഒസ്‌ലെം ഡുയ്മാസ് എന്നിവര്‍ വീണത്. ഉടന്‍തന്നെ പരിസരവാസികള്‍ ഓടിയെത്തുന്നതും കുഴിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇവരെ പുറത്തെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
രണ്ടുപേര്‍ക്കും നിസ്സാര പരിക്കുകള്‍ മാത്രമേ ഉള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുര്‍ക്കി പോലീസ് സുരക്ഷാ സേനയാണ് വീഡിയോ ദൃശ്യം പുറത്തുവിട്ടത്.