ലണ്ടൻ: അപകടങ്ങൾ സംഭവിക്കുന്നതിന്റെ വീഡിയോകൾ പലപ്പോഴും നമ്മൾ സമൂഹ മാധ്യമങ്ങളിൽ കാണാറുണ്ട്. അത്തരത്തിലൊരു അപകടത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഈ അപകടത്തിൽ പരിക്കുകൾ പറ്റിയിട്ടുണ്ട്. പക്ഷേ അത് മനുഷ്യർക്ക് അല്ല. കാറുകൾക്കാണ്. സിനിമയിൽ നായകൻ ഇടിച്ചാൽ മിനിമം പത്ത് പേരെങ്കിലും വീഴണമെന്ന് പറയാറില്ലേ? അത് പോലെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ ഏകദേശം ഏഴര കോടി രൂപ വില വരുന്ന വാഹനമാണ് ഫെരാരി എസ്എഫ് 90 സ്ട്രേഡേൽ. കാറുകൾക്കിടയിലെ ഒരു സൂപ്പർ സ്റ്റാർ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. അപ്പോൾ ഫെരാരി ഇടിച്ചാൽ പത്ത് ഇല്ലെങ്കിലും കുറഞ്ഞത് അഞ്ച് കാറുകൾക്കെങ്കിലും എന്തെങ്കിലും സംഭവിക്കണ്ടെ. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. അമിത വേ​ഗത്തിലെത്തിയ ഫെരാരി നിയന്ത്രണം വിട്ട് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന അഞ്ച് കാറുകളാണ് തകർത്തത്. 



 


Also Read: Viral Video: സർഫ് ബോർഡിൽ നിൽക്കുന്ന ഈ മിടുക്കനെ കണ്ടോ? സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച വീഡിയോ


ലണ്ടനിലെ ബർമിങ്ങാമിലെ നിരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ അപകടം നടന്നത്. വഴിയരികിൽ എതിർദിശയിലായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറിയത്. അപകടത്തിൽ ഫെരാരിയുടെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. മറ്റുവാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്.


അപകടം നടന്നതിന് പിന്നാലെ ഫെരാരിയുടെ ഡ്രൈവർ അതിനുള്ളിൽ നിന്ന് പുറത്തിറങ്ങുന്നത് വിഡിയോയിൽ കാണാം. എന്നാൽ പോലീസ് എത്തിയപ്പോഴേക്കും ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് സ്ഥലം വിട്ടു എന്നാണ് പോലീസ് പറയുന്നത്.