Snake head in food: വിമാനത്തിലെ ഭക്ഷണത്തിനുള്ളിൽ പാമ്പിന്റെ തല; പരാതിയുമായി ക്യാബിൻ ക്രൂ- വീഡിയോ
Snake head in food: സൺഎക്‌സ്‌പ്രസിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷണവിതരണത്തിന് ഏൽപ്പിച്ചിരുന്ന കമ്പനിയുമായുള്ള കരാർ റദ്ദാക്കിയതായി വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി.
അങ്കാറ: തുർക്കി വിമാനക്കമ്പനിയായ സൺഎക്‌സ്‌പ്രസിന്റെ വിമാനത്തിലെ ക്യാബിൻ ക്രൂ അംഗങ്ങൾക്ക് വിമാനത്തിലെ ഭക്ഷണത്തിൽ പാമ്പിന്റെ തല ലഭിച്ചതായി പരാതി. ജൂലൈ 21ന് തുർക്കിയിലെ അങ്കാറയിൽ നിന്ന് ജർമ്മനിയിലെ ഡസൽഡോർഫിലേക്ക് പോയ ഫ്ലൈറ്റിൽ നൽകിയ ഭക്ഷണത്തിലാണ് പാമ്പിന്റെ തല ലഭിച്ചതായി പരാതി. ഇത് സംബന്ധിച്ച വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉരുളക്കിഴങ്ങും മറ്റ് പച്ചക്കറികളും ഭക്ഷണത്തിൽ കാണാൻ സാധിക്കും. ഇതിനിടയിലായാണ് പാമ്പിന്റെ തല കിടക്കുന്നത്. സൺഎക്‌സ്‌പ്രസിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷണവിതരണത്തിന് ഏൽപ്പിച്ചിരുന്ന കമ്പനിയുമായുള്ള കരാർ റദ്ദാക്കിയതായി വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി.
30 വർഷത്തിലധികമായി വ്യോമയാന രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് സൺഎക്‌സ്‌പ്രസെന്നും ഇത്തരം സംഭവം ആദ്യമായാണെന്നും കമ്പനി വക്താവ് അറിയിച്ചു. യാത്രക്കാർക്കും ജീവനക്കാർക്കും ഗുണമേന്മയുള്ള ഭക്ഷണമാണ് നൽകുന്നതെന്നും സുരക്ഷയ്ക്ക് വളരെ പ്രധാന്യമാണ് കമ്പനി നൽകുന്നതെന്നും വക്താവ് വ്യക്തമാക്കി. എന്നാൽ, ഭക്ഷണ വിതരണ കമ്പനിയായ സാൻകാക് ആരോപണം നിഷേധിച്ച് രംഗത്തെത്തി.
280 ഡിഗ്രി സെൽഷ്യസിലാണ് തങ്ങൾ ഭക്ഷണം പാകം ചെയ്യുന്നതെന്നും വീഡിയോയിൽ കാണുന്നത് പോലെ പാമ്പിന്റെ തല ഭക്ഷണത്തിൽ കാണുന്നെങ്കിൽ അത് പുറത്ത് നിന്ന് വന്നതാകാനാണ് സാധ്യതയെന്നും ഭക്ഷണ വിതരണക്കാർ വ്യക്തമാക്കി. "ഇത് സാൻകാക്കിന്റെ ഭാഗത്ത് നിന്നുള്ള പിഴവല്ലെന്ന് ഞങ്ങൾ കരുതുന്നു, ഞങ്ങളുടെ നിയമ വകുപ്പ് ഇക്കാര്യം പരിശോധിക്കുന്നുണ്ട്. ഇത് ഞങ്ങളുടെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവാണെന്ന് കരുതുന്നില്ല, പക്ഷേ ഇത്തരം സംഭവത്തിൽ വളരെ ഖേദിക്കുന്നു," സാൻകാക് പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...