യുക്രെയിന് മേൽ റഷ്യൻ അധിനിവേശം തുടരുകയാണ്. കണ്ണില്ലാത്ത ക്രൂരതയാണ് റഷ്യൻ സൈന്യം യുക്രെയിനിലെ സാധാരണക്കാർക്ക് നേരെ നടത്തുന്നത്. സാധാരണക്കാരായ നിരവധി മനുഷ്യരാണ് കൂട്ടക്കുരുതിക്ക് ഇരയായത്. ശക്തനായ ശത്രുവിന് മുന്നിൽ രാജ്യവും ആത്മാഭിമാനവും അടിയറവ് വയ്ക്കാൻ തയ്യാറാകാത്ത നേതാവിന് പിന്നിൽ മരണം വരെ പിറന്ന മണ്ണിന് വേണ്ടി പോരാടുമെന്ന ഉറച്ച തീരുമാനവുമായി രാജ്യത്തെ സാധാരണക്കാരും അണി നിരന്നപ്പോൾ പിറന്നത് ലോകം ഇന്നു വരെ കാണാത്ത ചെറുത്തു നിൽപ്പിന്‍റെ പുതു ചരിത്രവും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും പോരാളികളായി. ഇപ്പോൾ  റഷ്യന്‍ സൈന്യത്തിനെതിരെ പോരാടുന്ന യുക്രൈനിലെ വനിതാ ഷാര്‍പ്പ് ഷൂട്ടറാണ്  ലോകമെങ്ങും ചര്‍ച്ചയാകുന്നത്. യുക്രൈനിലെ "ലേഡി ഡെത്ത്" എന്നാണ് ഈ യുവതി ഇപ്പോള്‍ അറിയപ്പെടുന്നത്.ചാര്‍ക്കോള്‍ എന്ന പേരിലാണ് ഈ യുവതി അറിയപ്പെടുന്നത്.  വ്‌ളാഡിമിര്‍ പുടിന്റെ കശാപ്പുകാരായ സൈനികരോട് "അവസാനം വരെ" പോരാടുമെന്ന് പ്രതിജ്ഞയെടുക്കുന്ന യുവതിയുടെ ഫോട്ടോകള്‍ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ചാർക്കോൾ യുക്രൈന്‍ സൈന്യത്തിന്റെ ഭാ​ഗമാകുന്നത് 2017ലാണ്. നാവികസേനയില്‍ ചേര്‍ന്ന ചാര്‍ക്കോള്‍ ഡൊനെറ്റ്‌സ്കിലും ലുഹാന്‍സ്‌കിലും ക്രെംലിന്‍ അനുകൂല വിഘടനവാദികളുമായി പോരാടി ശ്രദ്ധ നേടിയിരുന്നു.


തുടർന്ന്  രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത് നിരവധി പര്യടനങ്ങളില്‍  ചാര്‍ക്കോൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  ജനുവരിയിലാണ് ചാര്‍ക്കോള്‍ യുക്രേനിയന്‍ സായുധ സേനയില്‍ നിന്ന് വിരമിച്ചത്. ഫെബ്രുവരി 24 ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിന്‍ തന്റെ സൈനികരോട് യുക്രൈനെ ആക്രമിക്കാന്‍ ഉത്തരവിടുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുൻപാണ് യുവതി സൈനിക സേവനത്തില്‍ നിന്നും വിരമിക്കുന്നത്. എന്നാല്‍ തന്റെ മാതൃരാജ്യത്തെ  റഷ്യ ആക്രമിച്ചതോടെ ചാര്‍ക്കോള്‍ വീണ്ടും ആയുധമെടുക്കുകയായിരുന്നു. റിയര്‍ അഡ്മിറല്‍ മൈഖൈലോ ഓസ്ട്രോഗ്രാഡ്‌സ്‌കിയുടെ 35-ാമത്തെ കാലാള്‍പ്പട ബ്രിഗേഡിനൊപ്പം മുന്‍നിരയിലേക്ക് മടങ്ങാനാണ് യുവതി സന്നദ്ധത പ്രകടിപ്പിച്ചത്. റഷ്യന്‍ സൈന്യത്തെ രാജ്യത്ത് നിന്നും പുറത്താക്കാന്‍ പൊരുതുമെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു യുദ്ധ മുഖത്തേക്കുള്ള അവരുടെ മടങ്ങി വരവ്. 


യുക്രേനിയന്‍ വംശജനായ സ്നൈപ്പര്‍ ല്യൂഡ്മില പാവ്‌ലിചെങ്കോയോടാണ് യുക്രൈന്‍ ജനത ചാര്‍ക്കോളിനെയും  ഉപമിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ 309 നാസികളെ കൊന്നുതള്ളിയ പാവ്‌ലിചെങ്കോ ലേഡി ഡെത്ത് എന്ന വിളിപ്പേര് സ്വന്തമാക്കിയിരുന്നു.  യുദ്ധകഥകളില്‍ ഏറ്റവും വിജയകരമായ ചരിത്രം അവശേഷിപ്പിച്ച പാവ്‍ലിചെങ്കോയെ  ആദരവോടെയും അഭിമാനത്തോടെയുമാണ് ഇന്നും റഷ്യക്കാര്‍ ഓര്‍ക്കുന്നത്. അതിര്‍ത്തികള്‍ ഭേദിച്ചു രാജ്യത്തേക്ക്  കടന്നുവന്ന ശത്രുക്കളെ ചെറുത്തുനിന്നും അവരെ നാമാവശേഷമാക്കിയും റഷ്യയെ തലയുയുര്‍ത്തി നില്‍ക്കാന്‍ പ്രാപ്തയാക്കിയതില്‍ വലിയ പങ്കാണ് പാവ്‍ലിചെങ്കോ വഹിച്ചിരുന്നത്. 


1941 ജൂണിലാണ് പാവ്‍ലിചെങ്കോ റെഡ് ആര്‍മിയുടെ 25-ാം റൈഫിള്‍ ഡിവിഷനില്‍ അംഗമായി ചേർന്നത്. രണ്ടായിരത്തോളം വനിതാ പോരാളികളില്‍ ഒരാളായി. അവരില്‍ യുദ്ധം തീര്‍ന്നപ്പോള്‍ അവശേഷിച്ചത് അഞ്ഞൂറുപേര്‍ മാത്രം.  രണ്ടാം ലോകമഹായുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളിലായി ഏതാണ്ട് എട്ടു ലക്ഷത്തോളം വനിതകള്‍ പങ്കെടുത്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഭൂരിപക്ഷം പേരും മെഡിക്കല്‍ യൂണിറ്റുകളിലായിരുന്നു. വീറിനും കരുത്തിനും പിന്നിലല്ലാത്തവര്‍ യുദ്ധമുഖത്ത് പുരുഷന്‍മാരോടൊപ്പം ശത്രുസൈന്യത്തെ നെഞ്ചുവിരിച്ചു നേരിട്ടു.


യുദ്ധം അവസാനിച്ചപ്പോൾ കൈവ് സർവകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ഒരു ചരിത്രകാരിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അവർ 1945 മുതൽ 1953 വരെ സോവിയറ്റ് നേവി ആസ്ഥാനത്ത് ഗവേഷണ സഹായിയായിരുന്നു. പിന്നീട് സോവിയറ്റ് കമ്മിറ്റി ഓഫ് ദി വെറ്ററൻസ് ഓഫ് വാർ എന്ന സംഘടനയിൽ സജീവമായിരുന്നു പാവ്‌ലിചെങ്കോ.  അതേ സോവിയറ്റ് യുദ്ധവീര്യത്തിന്റെ പാരമ്പര്യവും പേറിയാണ് ചാര്‍ക്കോളും റഷ്യന്‍ സൈന്യത്തിനെതിരെ പോരാടുന്നത്.  വ്യക്തിജീവിതത്തിൽ താന്‍ ആരെണെന്ന് ഇതുവരെയും വെളിപ്പെടുത്താത്ത ചാർക്കോൾ എന്ന ഈ പെൺപുലി പക്ഷേ യുക്രൈനികളുടെ ആവേശമായി മാറിയിരിക്കുകയാണ്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.