Menstrual Leave : ആവർത്തവാവധി നൽകി സ്പെയിനും; കൗമാരക്കാർക്ക് ഗർഭച്ഛിദ്രത്തിനും അനുമതി
സ്പെയിൻ ഒരു പരമ്പരാഗത കത്തോലിക്ക രാജ്യമാണ്. അവിടെ അധികാരത്തിലുള്ള ഇടതുപക്ഷ സർക്കാരാണ് ചരിത്രപരമായ ഈ തീരുമാനത്തിന് മുൻകൈ എടുത്തത്.
ലോകം മാറുകയാണ്.. ആർത്തവ അവധി സ്ത്രീകളുടെ അവകാശം പോലെയും. ചില ഏഷ്യൻ രാജ്യങ്ങൾ ആർത്തവ അവധി അനുവദിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരു യൂറോപ്യൻ രാജ്യം നിയമപരിഷ്കാരം തന്നെ വരുത്തുന്നത്. ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് സ്പെയിൻ അനുവദിക്കുന്നത്.
ഇനി മുതൽ ഒരു സ്ത്രീയും വേദന സഹിച്ച് ജോലിക്ക് വരേണ്ടതില്ല. ഓഫീസിലേക്ക് വരാൻ വേണ്ടി മാത്രം നിങ്ങൾ വേദന സംഹാരി ഗുളികകളും കഴിക്കേണ്ട. ആർത്തവ വേദനയിലാണെന്നും ജോലിചെയ്യാൻ കഴിയുന്നില്ലെന്നും ഇനി നിങ്ങൾ മറച്ചുവയ്ക്കേണ്ട. -ഇക്വാലിറ്റി മിനിസ്റ്റർ ഐറിൻ മൊൺറോയുടെ വാക്കുകളാണിത്.
സ്പെയിൻ ഒരു പരമ്പരാഗത കത്തോലിക്ക രാജ്യമാണ്. അവിടെ അധികാരത്തിലുള്ള ഇടതുപക്ഷ സർക്കാരാണ് ചരിത്രപരമായ ഈ തീരുമാനത്തിന് മുൻകൈ എടുത്തത്. എത്ര ദിവസം അവധിയെന്നത് ഡോക്ടറുടെ നിർദേശപ്രകാരം തീരുമാനിക്കാം.
എന്നാൽ ഈ നിയമം രാജ്യത്തെ സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ കുറയ്ക്കാൻ ഇടയാക്കുമെന്ന എതിർവാദങ്ങളും ഉയരുന്നുണ്ട്.
ലൈംഗിക, പ്രത്യുത്പാദന അവകാശ പാക്കേജുകളുടെ ഭാഗമായാണ് സ്പാനിഷ് പാർലമെന്റ് ബിൽ അംഗീകരിച്ചത്. ഇതുപ്രകാരം ഇനി സ്പെയിനിലെ കൗമാരക്കാർക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ തന്നെ ഗർഭച്ഛിദ്രം നടത്തുകയോ ലിംഗമാറ്റം നടത്തുകയോ ചെയ്യാം.
സാനിറ്ററി നാപ്കിനുകളും മെൻസ്ട്രുൽ കപ്പുകളും സ്കൂളുകളിൽ ഉൾപ്പെടെ സൗജന്യമായി വിതരണം ചെയ്യും. സർക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിൽ ഗര്‍ഭനിരോധന മരുന്നുകളും സൗജന്യമാക്കും.
രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലനിന്നിരുന്ന ഗര്‍ഭച്ഛിദ്ര വിലക്ക് പുതിയ നിയമത്തോടെ ഇല്ലാതാവും. മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ ആശുപത്രികള്‍ ഇതുവരെ മാറിനിന്നിരുന്നത്.
ഇന്തോനേഷ്യയിൽ 2003ൽ പാസാക്കിയ നിയമപ്രകാരം രണ്ട് ദിവസത്തെ വേതനത്തോട് കൂടി അവധി അനുവദിക്കുന്നുണ്ട്. ആവശ്യപ്പെട്ടാൽ ആർത്താവവധി നിഷേധിക്കരുതെന്ന് 1947 മുതൽ ജപ്പാനിൽ നിയമമുണ്ട്. സൗത്ത് കൊറിയയിൽ വേതനമില്ലാതെ ഒരു ദിവസ അവധി ലഭിക്കും. അവധി നിഷേധിച്ചാൽ തൊഴിലുടമ 3,844 ഡോളർ ഫൈൻ നൽകേണ്ടിയും വരും.
തായ്‌വാനിൽ വർഷത്തിൽ 3 ദിവസ അവധി. സിക്ക് ലീവിന് പുറമേയാണിത്. വേതനത്തിന്റെ 50 ശതമാനം ലഭിക്കും. സാംബിയയിൽ 2015 ലാണ് നിയമം പാസാക്കിയത്. മുൻകൂർ അനുമതിയൊന്നും ഇല്ലാതെ ഒരു ദിവസം ഓഫ് എടുക്കാം.
ജീവനക്കാർക്ക് ആർത്തവ അവധി നൽകാൻ ഒരു നിയമനിർമാണത്തിനും കാത്തുനിൽക്കാതിരുന്ന കമ്പനികളും നിരവധിയുണ്ട്. ഓസ്ട്രേലിയൻ പെൻഷൻ ഫണ്ടായ ഫ്യൂച്ചർ സൂപ്പർ, ഇന്ത്യൻ ഫുഡ് ഡെലിവറി സ്റ്റാർട്ട് അപ്പായ സൊമാറ്റോ, ഫ്രഞ്ച് ഫർണിച്ചർ ഫേം ആയ ലൂയിസ് തുടങ്ങിയ കമ്പനികൾ നേരത്തെ മുതൽ അവധി നൽകുന്നുണ്ട്. ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ആസ്ട്രോളജി കമ്പനി ചാനി അൺലിമിറ്റഡ് മെൻസ്ട്ര്ൽ ലീവും നൽകിവരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...