Sputnik V | സ്പുട്നിക് വി ഒമിക്രോൺ വാരിയന്റിനെ പ്രതിരോധിക്കുമെന്ന് ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്
വാക്സിനിൽ നിലവിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെങ്കിൽ 2022 ഫെബ്രുവരിയോടെ കോടിക്കണക്കിന് സ്പുട്നിക് ഒമിക്രോൺ ബൂസ്റ്ററുകൾ ലഭ്യമാക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സിഇഒ കിറിൽ ദിമിത്രേവ് പറഞ്ഞു
മോസ്കോ: സ്പുട്നിക് വി വാക്സിൻ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യൻ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ ആരംഭിച്ചതായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ടും അറിയിച്ചു.
ജനിതക വ്യതിയാനം വന്ന മറ്റ് വകഭേദങ്ങൾക്കെതിരെ ഏറ്റവും മികച്ച ഫലപ്രാപ്തിയാണ് സ്പുട്നിക് വി വാക്സിൻ നൽകിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒമിക്രോണിനെ പ്രതിരോധിക്കാനും സ്പുട്നിക് വിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
വാക്സിനിൽ നിലവിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെങ്കിൽ 2022 ഫെബ്രുവരിയോടെ കോടിക്കണക്കിന് സ്പുട്നിക് ഒമിക്രോൺ ബൂസ്റ്ററുകൾ ലഭ്യമാക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സിഇഒ കിറിൽ ദിമിത്രേവ് പറഞ്ഞു. വാക്സിൻ വിതരണത്തിലെ അസന്തുലിതാവസ്ഥയാണ് ജനിതക വ്യതിയാനം വന്ന കൊറോണ വൈറസുകൾ ഉടലെടുക്കാൻ കാരണമെന്നും ദിമിത്രേവ് പറഞ്ഞു.
അതേസമയം, കൊറോണ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി. രാജ്യത്തെത്തുന്നവർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് യാത്രയ്ക്ക് മുൻപുള്ള 14 ദിവസത്തെ വിവരങ്ങൾ നൽകണം. ഒപ്പം 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പോർട്ടലിൽ ഉൾപ്പെടുത്തണം.
കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരാകണം. ഫലം കിട്ടിയ ശേഷമേ വിമാനത്താവളത്തിൽ നിന്നും പോകാൻ പാടുള്ളു. ഫലം നെഗറ്റീവായാലും ഒരാഴ്ച വീട്ടിൽ നിരീക്ഷണം നിർബന്ധമാണെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
സാഹചര്യങ്ങൾ പരിശോധിച്ച് മാത്രമേ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമാകൂവെന്നും റിപ്പോർട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ മാര്‍ഗനിർദ്ദേശ പ്രകാരം ഹൈ-റിസ്‍ക് രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്‍സ്വാന, ചൈന, മൌറീഷ്യസ്, ന്യൂസിലൻഡ്, സിംബാവെ, സിംഗപ്പൂര്‍, ഹോങ്കോങ്, ഇസ്രയേല്‍, യു.കെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...