Sri Lanka Crisis: കലാപഭൂമിയായി ലങ്ക, പ്രതിഷേധം കെട്ടടങ്ങാതെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ തുടർന്ന് പൊതുജനം
ഗോതബായ രാജി വച്ചാൽ താൽക്കാലിക ചുമതല സ്പീക്കർ അബെയവർധനയ്ക്കാവും. സ്പീക്കർക്ക് പരമാവധി 30 ദിവസം പ്രസിഡന്റിന്റെ ചുമതല വഹിക്കാം. ഒരാഴ്ചയ്ക്കകം പുതിയ സംയുക്ത സർക്കാർ അധികാരമേൽക്കും.
കൊളംബോ: ശ്രീലങ്കയിൽ പ്രക്ഷോഭം (Sri Lanka Crisis) രൂക്ഷമായി തന്നെ തുടരുന്നു. പ്രതിഷേധക്കാർ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കി അവിടെ തന്നെ തുടരുകയാണ്. ഗോതബയ രജപക്സെ രാജിവയ്ക്കുമെന്ന് അറിയിച്ചിട്ടും പ്രതിഷേധക്കാർ പിൻതിരിയാൻ തയാറല്ല. ജൂലൈ 13 ബുധനാഴ്ച രാജി വയ്ക്കുമെന്നാണ് രജപക്സെ അറിയിച്ചിട്ടുള്ളത്. എന്നാൽ അദ്ദേഹം എവിടെയാണ് എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല. പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കിയ പ്രതിഷേധക്കാർ അവിടെ തന്നെ അന്തിയുറങ്ങുകയും അർധരാത്രിയും നടുത്തളത്തിൽ നൃത്തം ചവിട്ടുകയുമായിരുന്നു. പ്രസിഡന്റിന്റെ വസതി കീഴടക്കിയ പ്രക്ഷോഭകാരികൾ അവിടുത്തെ സ്വിമ്മിങ്ങ് പൂളിൽ കുളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
അതേസമയം ഗോതബായ രാജി വച്ചാൽ താൽക്കാലിക ചുമതല സ്പീക്കർ അബെയവർധനയ്ക്കാവും. സ്പീക്കർക്ക് പരമാവധി 30 ദിവസം പ്രസിഡന്റിന്റെ ചുമതല വഹിക്കാം. ഒരാഴ്ചയ്ക്കകം പുതിയ സംയുക്ത സർക്കാർ അധികാരമേൽക്കും. ജനൈമുക്തി നേതാവായ അനുര കുമാര ദിശാനായകയെ പ്രസിഡന്റ് ആക്കണമെന്ന് സർവ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്ത് സമാധാനം നിലനിർത്താൻ പൊതുജനം സഹകരിക്കണമെന്നാണ് സൈന്യത്തിന്റെ അഭ്യർഥന. പ്രസിഡന്റ് സ്ഥാനത്ത് തുടരും വരെ ഗോതബയയ്ക്ക് സംരക്ഷണം നൽകുമെന്നും സൈന്യം വ്യക്തമാക്കി.
Also Read: Sri Lankan Crisis: ശ്രീലങ്കൻ പ്രസിഡൻറിൻറെ വസതിയിൽ സ്വിമ്മിങ്ങ് പൂളിൽ കുളിച്ച് പ്രക്ഷോഭകാരികൾ-വീഡിയോ
രാജ്യത്ത് പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ ഇന്നലെ (ജൂലൈ 9) പ്രധാനമന്ത്രി വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു. സർവകക്ഷി സർക്കാരിന് അധികാരം കൈമാറാൻ തയ്യാറാണെന്നും വിക്രമസിംഗെ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമായി മാറുകയാണ്. പലസ്ഥലങ്ങളും പോലീസ് ഉദ്യോഗസ്ഥരും, സൈനികരും പ്രക്ഷോഭക്കാരോടൊപ്പമാണെന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. ലങ്കൻ കായിക താരങ്ങളും പ്രക്ഷോഭത്തിനായി രംഗത്ത് എത്തിയിരുന്നു. ലങ്കയുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇതെന്ന് കുമാര സംഗക്കാര പറഞ്ഞു. പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് കുമാര സംഗക്കാര ഇത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയും പ്രക്ഷോഭത്തിൽ അണിചേർന്നിട്ടുണ്ട്. പ്രക്ഷോഭത്തെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം, ശ്രീലങ്കൻ പ്രശ്നത്തിൽ തൽക്കാലം ഇടപെടില്ല എന്നാണ് ഇന്ത്യയുടെ നിലപാട്. അഭയാർഥികൾ എത്താൻ സാധ്യതയുള്ളതിനാൽ നിരീക്ഷണത്തിന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തുമെന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...