Sri Lanka: ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ വസതിക്ക് തീയിട്ടു; കൊളംബോ നഗരത്തിൽ പ്രക്ഷോഭം
Sri Lanka protests: പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവച്ചതിന് പിന്നാലെ പ്രസിഡന്റ് ഗോതബായ രജപക്സെയും രാജിസന്നദ്ധത അറിയിച്ചു. രജപക്സേ ബുധനാഴ്ച പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുമെന്നാണ് സ്പീക്കർ അറിയിച്ചത്.
കൊളംബോ: ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷം. കഴിഞ്ഞ ദിവസം രാജിവച്ച പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ വസതിക്ക് പ്രക്ഷോഭകാരികൾ തീയിട്ടു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികൾ ജനങ്ങൾ കയ്യേറിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വസതിക്ക് പ്രക്ഷോഭകാരികൾ തീവച്ചത്. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവച്ചതിന് പിന്നാലെ പ്രസിഡന്റ് ഗോതബായ രജപക്സെയും രാജിസന്നദ്ധത അറിയിച്ചു. രജപക്സേ ബുധനാഴ്ച പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുമെന്നാണ് സ്പീക്കർ അറിയിച്ചത്.
അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആഭ്യന്തരകലാപം നടക്കുന്ന ശ്രീലങ്കയിൽ നിന്ന് അഭയാർഥികൾ ഇന്ത്യയിലേക്കെത്താൻ സാധ്യതയുണ്ടെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്ന് അഭയാർഥി പ്രവാഹം ഉണ്ടാകുമെന്നാണ് സൂചന. തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും അഭയാർഥികൾ എത്തിയേക്കുമെന്നാണ് വിലയിരുത്തുന്നത്. ക്യൂ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതിർത്തി മേഖലകളിൽ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
ALSO READ: Sri Lanka Crisis : ശ്രീലങ്കയിലെ സ്ഥിതി അതീവ ഗുരുതരം; പ്രസിഡന്റിന്റെ വസതി കയ്യേറി പ്രക്ഷോഭകർ
2019 മുതല്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈസ്റ്റര്‍ ദിനത്തിൽ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനവും അതിന് ശേഷമുണ്ടായ കോവിഡ് പ്രതിസന്ധിയും രാജ്യത്തെ സാമ്പത്തിക നില പരുങ്ങലിലാക്കി. നികുതി ഇളവുകളും പണപ്പെരുപ്പവും ദേശീയ തലത്തില്‍ ജൈവകൃഷിയിലേക്ക് മാറാനുള്ള തീരുമാനവും സാമ്പത്തിക പ്രതിസന്ധിക്ക് ആക്കംകൂട്ടി. രാജ്യത്തിന്റെ ആകെ വിദേശ കടം 51 ബില്യൺ ഡോളറാണ്. അതിൽ 28 ബില്യൺ ഡോളർ 2027 അവസാനത്തോടെ തിരിച്ചടയ്ക്കണം.
ശ്രീലങ്കയിൽ ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനും വലിയ ക്ഷാമം നേരിടുകയാണ്. ഉത്പാദനത്തിനുള്ള അടിസ്ഥാന അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം, കറൻസിയുടെ മൂല്യം ഇടിഞ്ഞത്, വിദേശ കരുതൽ നാണ്യശേഖരത്തിന്റെ അഭാവം, അന്താരാഷ്ട്ര കടബാധ്യതകൾ നിറവേറ്റുന്നതിലെ പരാജയം എന്നിവയാണ് ശ്രീലങ്കയെ പ്രതിസന്ധിയിലേക്ക് നയിച്ചത്. ഭക്ഷ്യസുരക്ഷ, കൃഷി, ഉപജീവനമാർഗം, ആരോഗ്യ സേവനങ്ങൾ എന്നിവയെ സാമ്പത്തിക പ്രതിസന്ധി കാര്യമായി ബാധിച്ചു. ശ്രീലങ്കൻ ജനസംഖ്യയുടെ മൊത്തം 22 ശതമാനം ( 4.9 ദശലക്ഷം ആളുകൾ) പട്ടിണിയിലാണെന്ന് യുഎൻ ഉന്നതതല ഉദ്യോഗസ്ഥൻ പറയുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് വിനോദസഞ്ചാരമേഖലയിലെ ഇടിവ് മൂലമുണ്ടായ വിദേശനാണ്യ ദൗർലഭ്യവും ശ്രീലങ്കയെ ജൈവ കാർഷിക മേഖലയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാസവളങ്ങൾ നിരോധിക്കാനുള്ള സർക്കാരിന്റെ നീക്കം പോലെയുള്ള അശ്രദ്ധമായ സാമ്പത്തിക നയങ്ങളുമാണ് മാന്ദ്യത്തിന് കാരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...