കാശില്ല, വീട്ടിൽ സാധനങ്ങളില്ല, അരിയും പഞ്ചസാരയും ഉപ്പും പോലും ഇല്ല. ഇന്ധനമില്ല, വൈദ്യുതി ഇല്ല. ഇറക്കുമതി നിലച്ചു. പട്ടിണിയുടെ ഏറ്റവും കടുത്ത അവസ്ഥയിലൂടെയാണ് ശ്രീലങ്കൻ ജനത പോകുന്നത്. സ്വതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലങ്കയെ തള്ളി വിട്ടത് എന്താണ്?


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയുടെ പതനം അതിദാരുണമാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. ശ്രീലങ്കയിലെ സാമ്പത്തിക തകർച്ചയും മനുഷ്യരുടെ അതിജീവനത്തിനായുളള മരണപാച്ചിലും കണ്ട് ലോകം വിറങ്ങലിച്ചു നിൽക്കുകയാണ്. മഷിയും പേപ്പറും ഇല്ലാത്തതിനാൽ  പരീക്ഷ പോലും വേണ്ടെന്നു വെയ്ക്കേണ്ടി വരുന്ന സാഹചര്യം, പെട്രോൾ അടിക്കാൻ ദിവസം മുഴുവൻ നീളുന്ന ക്യൂവിൽ നിൽക്കുന്നവർ കുഴഞ്ഞ് വീണ് മരിക്കുന്നു.


ഭക്ഷ്യ ക്ഷാമം, അവശ്യ മരുന്നുകൾക്ക് ക്ഷാമം... വൃദ്ധരും കുട്ടികളും രോഗികളും ദിനംപ്രതി മരിച്ചു വീഴുന്നു. സമ്പൂർണ അരാജകത്വം. അക്ഷരാർത്ഥത്തിൽ ഒരു ശവപറമ്പ് ആയി മാറുകയാണ് ലങ്ക. സാമ്പത്തിക അരക്ഷിതാവസ്ഥ രൂക്ഷമായ ശ്രീലങ്കയിൽ ജനങ്ങളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു, പെട്രോൾ പമ്പുകളിൽ സൈനികരെ വിന്യസിച്ചു. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക തകർച്ച. വൈദ്യുതി തടസ്സങ്ങളും ഭക്ഷണം, പാചക വാതകം എന്നിവയുടെ ദൗർലഭ്യവും ജനങ്ങളെ പരിഭാന്ത്രരാക്കുന്നു.


എന്ത് കൊണ്ട് ശ്രീലങ്കയ്ക്ക് ഇത് സംഭവിച്ചു? ശ്രീലങ്കയുടെ തകർച്ചയുടെ തുടക്കം എവിടെ നിന്ന്? ലങ്കയെ ഇനി ആര് രക്ഷിക്കും?


രജപക്സെ കുടുംബത്തിന്റെ വാഴ്ച തന്നെയാണ് ഈ പതനത്തിന്റെ മൂലകാരണം. കുടുംബാധിപത്യം കൊണ്ട് ഒരു രാജ്യം എത്രത്തോളം മുടിഞ്ഞു പോകും എന്നതിന്റെ ഉദാഹരണമാണ് ശ്രീലങ്ക എന്ന കൊച്ചു രാജ്യത്തു നിന്നും വരുന്ന വാര്‍ത്തകള്‍. ലങ്കയില്‍ വര്‍ഷങ്ങളായി ജനാധിപത്യത്തിന്റെ മറവില്‍ നടക്കുന്നത് രജപക്സെ കുടുംബത്തിന്റെ വാഴ്ചയാണ്. പ്രധാനമന്ത്രിയും പ്രസിഡന്റും ധനകാര്യ മന്ത്രിയുമെല്ലാം ഒരേ കുടുംബക്കാരാകുമ്പോള്‍ ഭരണം കുടുംബ കാര്യമായി മാറും. രാജ്യ കാര്യം കുടുംബ കാര്യമായി മാറിയപ്പോള്‍ കുടുംബം നന്നാകുകയും രാജ്യം മുടിയുകയും ചെയ്തു. കടക്കെണിയിലായ ശ്രീലങ്കയില്‍ അവശ്യവസ്തുക്കള്‍ പോലും കിട്ടാക്കനിയായിട്ട് മാസങ്ങളായി. ഒരു കിലോ അരിക്ക് 448 രൂപയും ഒരു ലിറ്റര്‍ പാലിന് 263 രൂപയും ആയി. തലസ്ഥാന നഗരമായ കൊളംബോയിലടക്കം തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നു പാവപ്പെട്ട ജനങ്ങൾക്ക്. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാ ബയ രജപക്സെയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പതിനായിരങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങി. 


രണ്ടേകാല്‍ കോടി മാത്രം ജനസംഖ്യയുള്ള 25,330 ചതുരശ്ര മൈൽ വിസ്തീർണമുള്ള ഒരു ചെറിയ ദ്വീപ്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ജൈവ വൈവിധ്യങ്ങളും പ്രകൃതി സൗന്ദര്യവും ഒത്തിണങ്ങിയ ടൂറിസം കേന്ദ്രം.  ദീര്‍ഘവീക്ഷണം ഇല്ലാത്ത ഭരണനേതൃത്വം ആണ്  രാജ്യത്തിന്റെ ഇന്നത്തെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. പേരിന് ജനാധിപത്യമുണ്ടെങ്കിലും രാജ്യത്ത് നടക്കുന്നത് രജപക്സെ കുടുംബത്തിന്റെ വാഴ്ച തന്നെയാണ്. 30 വര്‍ഷത്തോളം നീണ്ടുനിന്ന ആഭ്യന്തര-വംശീയ സംഘര്‍ഷങ്ങളില്‍ നിന്നും 2009 ഓടുകൂടിയാണ് ലങ്ക കരകയറിയത്. തമിഴ്-സിംഹള വംശവെറിക്ക്  ഇന്ത്യ വലിയ വില കൊടുക്കേണ്ടി വന്നതും ചരിത്രമാണ്.  


ഏഷ്യാ വന്‍കരയില്‍ ചൈനീസ് ആധിപത്യം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ചൈന ഒരുക്കിയ കെണിയില്‍ ലങ്കന്‍ രാഷ്ട്രീയ നേതൃത്വം വീണു പോകുകയായിരുന്നു. ലങ്കയുടെ രാഷ്ട്രീയ നേതൃത്വത്തെ ചൈന വിലക്കെടുത്തു എന്ന് വേണം പറയാൻ. കടംകൊടുത്ത് കെണിയിലാക്കുക എന്ന ചൈനീസ് തന്ത്രത്തില്‍ പെട്ട പോയ ശ്രീലങ്ക ഇന്ന് തകര്‍ച്ചയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തി വീണു കഴിഞ്ഞു. 700 കോടി ഡോളറാണ് അതായത് ഏതാണ്ട് 50,000 കോടി ഇന്ത്യന്‍ രൂപയാണ് ശ്രീലങ്കയുടെ ഇപ്പോഴത്തെ വിദേശ കടം. വാങ്ങിക്കൂട്ടിയ പണത്തിന്റെ പലിശ അടയ്ക്കാന്‍ പിന്നെയും പിന്നെയും കടംവാങ്ങി. കോടിക്കണക്കിന് ഡോളര്‍ രൂപയുടെ കടം അങ്ങനെ പെരുകി.


വിദേശ കറൻസിയുടെ ക്ഷാമമാണ് ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിക്കുള്ള മറ്റൊരു  കാരണം. കോവിഡ് വ്യാപനം ശ്രീലങ്കയുടെ പ്രധാന വിദേശനാണ്യ സ്രോതസ്സായ വിനോദസഞ്ചാര മേഖലയെ തകർത്തു. വിദേശത്ത് ജോലി ചെയ്യുന്ന ശ്രീലങ്കക്കാരിൽ നിന്നുള്ള വരുമാനവും കുത്തനെ കുറഞ്ഞു. കടം കയറി വിദേശനാണയ ശേഖരം ക്ഷയിച്ചതോടെ ഇറക്കുമതിയും താളം തെറ്റി. ഇതോടെ അവശ്യസാധനങ്ങള്‍ കിട്ടാക്കനിയായി. ലങ്കന്‍ രൂപയുടെ മൂല്യമിടിഞ്ഞതോടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പണപ്പെരുപ്പത്തിലായി ശ്രീലങ്ക. ലങ്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ടൂറിസവും തേയില കയറ്റുമതിയും തുണിവ്യവസായവും അരി ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനവും തകര്‍ന്നു. ടൂറിസം മേഖലയെ തകര്‍ക്കുന്നതില്‍ കോവിഡ് വ്യാപനം കാരണമായെങ്കില്‍ തേയില പോലുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ തകര്‍ത്തതിൽ റഷ്യ-യുക്രൈൻ യുദ്ധത്തിനും പങ്കുണ്ട്. 


2021 നവംബര്‍ മാസത്തോടെ വിദേശനാണ്യശേഖരത്തിന്റെ കരുതല്‍ 230 കോടി ഡോളറായി കുറഞ്ഞു. ഇതോടെ ഇന്ധനമുള്‍പ്പെടെ അവശ്യവസ്തുക്കളുടെ ഇറക്കുമതി അസാധ്യമാകുകയും വിദേശകടം വീട്ടാന്‍ പണമില്ലാതാകുകയും ചെയ്തു. വിദേശനാണ്യം ആകർഷിക്കാനായി ശ്രീലങ്കൻ രൂപയുടെ മൂല്യം 15 ശതമാനം കുറച്ചതും പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായി. അതോടെ ജനങ്ങളുടെ പ്രതിഷേധങ്ങളും അണപൊട്ടി. ജനങ്ങൾ ജീവിതത്തിനായി തെരുവിലേക്ക് ഇറങ്ങി. ശ്രീലങ്കയുടെ മൊത്തം ഇറക്കുമതിയുടെ 20 ശതമാനം ഇന്ധനമാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കിട്ടാക്കനിയായതോടെ നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചാല്‍ കിട്ടാതായി. ഇന്ധനക്ഷാമം മൂലം വൈദ്യുതി നിലയങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്ന ലങ്കയില്‍ ദിവസം 13 മണിക്കൂര്‍ വരെയാണ് ഇപ്പോള്‍ പവര്‍ കട്ട്. പെട്രോള്‍ പമ്പിലും പലചരക്കുകടയിലും മരുന്നുകടകളിലും മനുഷ്യര്‍ ദിവസങ്ങളോളം വരിനില്‍ക്കേണ്ടി വരുന്ന അവസ്ഥ കേരളത്തിന്റെ സാഹചര്യത്തിൽ നിന്നു കൊണ്ട് നമ്മുക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയില്ല.


2019ലെ ഭീകരാക്രമണം മുതൻ ഇങ്ങോട്ട് രാജ്യത്തിന്റെ വളർച്ച താഴോട്ടാണ്. വ്യാപാരക്കമ്മി ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് എന്നും വെല്ലുവിളിയായിരുന്നു. അതായത് കയറ്റുമതി വരുമാനത്തേക്കാള്‍ അധികമായിരുന്നു ഇറക്കുമതി ചെലവ്. വരവറിയാതെ ചിലവാക്കുന്ന രാഷ്ട്രീയ നേതൃത്വമാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം. അതിനിടെ ലങ്കൻ സർക്കാർ എടുത്ത ചരിത്രത്തിലെ തന്നെ മണ്ടൻ തീരുമാനങ്ങളും രാജ്യത്തിന്റെ ദുർഗതിയുടെ ആക്കം കൂട്ടി. അതിൽ ഏറ്റവും പ്രധാനം വളങ്ങൾ നിരോധിച്ച് കൊണ്ട് ശ്രീലങ്ക മൊത്തമായി ഓർഗാനിക്ക് ഫാമിങ്ങിലേക്ക് മാറുന്നു എന്ന തീരുമാനമാണ്. ഫലമോ, ഉത്പാദനം കുറഞ്ഞു. തേയില ഉത്പാദനവും കയറ്റുമതിയും കുറഞ്ഞു.  ഒപ്പം കോവിഡ് സാഹചര്യം കൂടിയായപ്പോൾ എല്ലാം പൊടുന്നനെ നശിക്കാൻ തുടങ്ങി. ഫോറക്‌സ് റിസർവ് ശൂന്യമാകുന്നു. ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്ത് ഒരു ദിവസം കൊണ്ട് ഇന്ധന വില കുത്തനെ കൂടുന്നു. അവശ്യവസ്തുകളായ എല്ലാത്തിനും വില കൂടുന്നു. ഒരു കിലോ അരിക്ക് 300 രൂപയും പാലിന് 600 രൂപയും ആകുന്നു.


ജൈവകൃഷി എന്ന മണ്ടൻ തീരുമാനം മാത്രമല്ല, രജപക്സെ കുടുംബത്തിന്റെ അധികാര അഴിമതി മോഹങ്ങളും രാജ്യത്തിന്റെ തകർച്ചയ്ക്ക് വലിയ ഒരു കാരണമായി മാറുകയായിരുന്നു. അനിയന്ത്രിതമായ കടമെടുപ്പ്, കടം വാങ്ങി ചെയ്യുന്നത് ഒക്കെ വൻകിട പ്രോജക്റ്റുകൾ. എല്ലാം അവതാളത്തിൽ ആകുകയും കൂടെ ചെയ്തതോടെ കടം പെരുകി പെരുകി രാജ്യം ഇന്നത്തെ ദുരവസ്ഥയിലേക്ക് എത്തി. വമ്പൻ പ്രോജക്റ്റുകൾ ചൈനയിൽ നിന്നും കടമെടുത്ത് നിർമിച്ചു. രജപക്സെയുടെ വീടിനടുത്ത് കോടികൾ മുടക്കി ഇന്റർ നാഷണൽ വിമാനത്താവളം നിർമിച്ചു. വിനോദ സഞ്ചാരം ലങ്കയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു.  എന്നാൽ കോവിഡ് പ്രഹരത്തിൽ ടൂറിസം നിലച്ചതോടെ വിമാനത്താവളം പക്ഷിമൃഗാദികൾ കീഴടക്കിയിരിക്കുകയാണ്. അതുപോലെ ഹമ്പൻടോട്ടയിലെ പോർട്ട്‌. അതും ആ രാജ്യത്തിന്റെ ആവശ്യത്തിന് അനുയോജ്യമല്ല. അതിന്റെ പത്തിൽ ഒന്ന് പോലും ഉപയോഗിക്കാൻ കഴിയുന്നില്ലെന്നതാണ് വാസ്തവം. ഇതോടെ ടൂറിസം മേഖലയില്‍ നിന്നുള്ള വിദേശനാണ്യ പ്രവാഹം കുറഞ്ഞു. കോവിഡാനന്തര പ്രതിസന്ധികളും റഷ്യ-യുക്രൈൻ യുദ്ധവും കൂടിയായപ്പോള്‍ സ്വതവേ ദുര്‍ബലമായ ലങ്കയുടെ സാമ്പത്തിക വ്യവസ്ഥ പൂര്‍ണ്ണമായും തകര്‍ന്ന് തരിപ്പണമായി.  വരവിനെക്കാൾ കൂടിയ ഉത്പാദന മൂല ധനമാണ് ശ്രീലങ്ക അടിമുടി തകർത്തെറിഞ്ഞത്. കൊളംബോയിലെ ക്രിക്കറ്റ് സ്റ്റേഡിയം പോലുള്ള മറ്റു ചില വൻകിട നിർമാണങ്ങളും ഇതിൽപെടും.  ഒരു പക്ഷേ രജപക്ഷേ കുടുംബത്തിന്റെ അഴിമതിയുടെ പരിണിത ഫലം കൂടിയാണ് ഇന്ന് ലങ്കൻ ജനത അനുഭവിക്കുന്നത്. വരുമാനത്തിന്റെ 80 ശതമാനത്തില്‍ അധികം വിദേശകടത്തിന്റെ പലിശ അടവിനു മാത്രം ചിലവാക്കേണ്ടി വരുന്ന ഒരു രാജ്യത്തിന്റെ  ദുരന്ത കാഴ്ചയാണ് ശ്രീലങ്കയിൽ കാണാൻ കഴിയുന്നത്. 


പ്രശ്നങ്ങൾ ദിവസം തോറും മൂർച്ഛിച്ച് ,എല്ലാം കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. രാജ്യം പട്ടിണിയുടെ പടുകുഴിയിലേക്ക് പതിക്കുമ്പോൾ ജീവന് വേണ്ടി അയൽരാജ്യങ്ങളിലേക്ക് പ്രധാനമായും ഇന്ത്യയിലേക്ക് പലായനം ചെയ്യുകയാണ് മനുഷ്യർ. ലങ്കയുടെ ദുരിതത്തിന് സഹായഹസ്തം നീട്ടുന്നതിന് പുറമെ പലായനം ഇന്ത്യയെ എങ്ങനെ ബാധിക്കും എന്നതും ആശങ്കയാണ്. നിലവിലെ പ്രതിസന്ധികളെ തരണം ചെയ്യണമെങ്കിൽ ശ്രീലങ്ക കുറച്ച് അധികം പ്രയത്നിക്കേണ്ടി വരും. കൂടാതെ മറ്റു വിദേശ രാജ്യങ്ങളുടെ ഉദാര കൈത്താങ്ങും ലഭിക്കാതെ ലങ്കയ്ക്ക് നിലനിൽക്കാൻ കഴിയില്ല. അടിയന്തര വായ്പയ്ക്കായി ഐഎംഎഫിന്റെ വ്യവസ്ഥകൾ അംഗീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ശ്രീലങ്ക. കർശനമായ സാമ്പത്തിക നിയന്ത്രണം എല്ലാ മേഖലയിലും നിർദേശിക്കുന്നതാണ് ഐഎംഎഫിന്റെ നിബന്ധനകൾ. മുൻപും ഐഎംഎഫ് ഇത്തരം വ്യവസ്ഥകൾ ശ്രീലങ്കയ്ക്ക് മുന്നിൽ വച്ചിരുന്നു. എന്നാൽ നിബന്ധനകൾ അംഗീകരിക്കാൻ ലങ്ക തയാറായിരുന്നില്ല. നിലവിൽ മറ്റ് വഴികൾ അടഞ്ഞതിന് പിന്നാലെയാണ് നിബന്ധനകൾ അംഗീകരിച്ച് വായ്പ നേടാനുള്ള നീക്കം ശ്രീലങ്ക നടത്തിയത്. പക്ഷേ, ഈ കടം വീട്ടണം എങ്കിൽ സർക്കാരിന് വരുമാനം ഉണ്ടായേ മതിയാകൂ. വിനോദസഞ്ചാര മേഖല പച്ച പിടിപ്പിക്കുക എന്ന ഒറ്റ വഴിയേ പിന്നെ സർക്കാരിന് മുന്നിൽ ഉള്ളൂ.