മക്കളുടെ ലൈംഗികസ്വത്വം എന്തായാലും അംഗീകരിക്കും!!
ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും ആദ്യമായാണ് ഒരാള്‍ `ആല്‍ബര്‍ട്ട് കെന്നഡി ട്രസ്റ്റ്` സന്ദര്‍ശിക്കുന്നത്.
മക്കളുടെ ലൈംഗികസ്വത്വം എന്തായാലും പ്രശ്‍നമില്ലെന്നും തുറന്ന് പറഞ്ഞാല്‍ പിന്തുണയ്ക്കുമെന്നും വില്യം രാജകുമാരന്‍.
അനാഥരായ 'എല്‍ജിബിറ്റിക്യൂ' ആളുകളെ സംരക്ഷിക്കുന്ന 'ആല്‍ബര്‍ട്ട് കെന്നഡി ട്രസ്റ്റി'ല്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ട്രസ്റ്റില്‍ നിന്നും സഹായം ഏറ്റുവാങ്ങിയ യുവാവിന്‍റെ ചോദ്യത്തിന് മറുപടിയായാണ് വില്ല്യം തന്‍റെ നിലപാട് വ്യക്തമാക്കിയത്.
മക്കളില്‍ ആരെങ്കിലും എല്‍ജിബിറ്റിക്യൂ വിഭാഗത്തില്‍പ്പെട്ടവരാണെന്ന് വെളിപ്പെടുത്തിയാല്‍ എന്താകും പ്രതികരണമെന്നായിരുന്നു ചോദ്യം.
അവര്‍ക്ക് വേണ്ട പിന്തുണ നല്‍കി അംഗീകരിക്കും എന്നായിരുന്നു ഇതിന് വില്ല്യം നല്‍കിയ മറുപടി.
എന്നാല്‍, രാജകുടുംബത്തില്‍ നിന്നുള്ളവരായതിനാല്‍ പൊതുസമൂഹം അവരെ കൂടുതല്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും അതില്‍ തനിക്ക് ഉത്കണ്ഠയുണ്ടെന്നും രാജകുമാരന്‍ പറഞ്ഞു.
ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും ആദ്യമായാണ് ഒരാള്‍ 'ആല്‍ബര്‍ട്ട് കെന്നഡി ട്രസ്റ്റ്' സന്ദര്‍ശിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ കിരീടാവകാശിയും ഇംഗ്ലണ്ടിലെ ക്രിസ്ത്യന്‍ സഭയുടെ നിയോഗിക്കപ്പെട്ട തലവനും വില്യമാണ്.
മൂന്ന് മക്കളാണ് വില്യം രാജകുമാരനുള്ളത്. അഞ്ചു വയസ്സുകാരന്‍ ജോര്‍ജ്, നാല് വയസ്സുകാരി ഷാര്‍ലെറ്റ്, രണ്ട് വയസ്സുള്ള ലൂയിസ് എന്നിവരാണ് മക്കള്‍.
എല്‍ജിബിറ്റിക്യൂ വിഭാഗം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ടറിയാനും, ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുമാണ് വില്ല്യ൦ സന്ദര്‍ശനം നടത്തിയത്.
തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജായ @SussexRoyalലിലൂടെ ചിത്രങ്ങളും മഴവില്‍ പതാകകളും പങ്കുവച്ച് വില്ല്യമും ഭാര്യ കെയ്റ്റും പ്രൈഡ് മാസത്തിന്‍റെ ഭാഗമായിരുന്നു.
കൂടാതെ, രാജകുടുംബത്തിലെ ആദ്യ എല്‍ജിബിറ്റിക്യൂ വിവാഹത്തിനും കഴിഞ്ഞ വര്‍ഷം ലോകം സാക്ഷ്യം വഹിച്ചിരുന്നു. എലിസബത്ത് രാജ്ഞിയുടെ കസിന്‍ ലോര്‍ഡ് ഇവര്‍ മൗണ്ട്ബാറ്റനും ജെയിംസ് കൊയലും തമ്മിലായിരുന്നു വിവാഹം.