Taliban capture Kunduz: മൂന്ന് ദിവസത്തിനിടെ അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ പ്രവിശ്യയും പിടിച്ചെടുത്ത് താലിബാൻ
നഗരത്തിലെ പോലീസ് ആസ്ഥാനവും ഗവർണറുടെ കോമ്പൗണ്ടും ജയിലും പിടിച്ചെടുത്തതായി താലിബാൻ പ്രസ്താവനയിലൂടെ അറിയിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന പ്രവിശ്യയായ കുണ്ടുസ് നഗരം (Kunduz City) പിടിച്ചെടുത്തതായി താലിബാൻ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് താലിബാൻ പിടിച്ചടക്കുന്നത്. നഗരത്തിലെ പോലീസ് ആസ്ഥാനവും ഗവർണറുടെ കോമ്പൗണ്ടും ജയിലും പിടിച്ചെടുത്തതായി താലിബാൻ (Taliban) പ്രസ്താവനയിലൂടെ അറിയിച്ചു.
തലസ്ഥാനത്ത് താലിബാൻ പോരാളികൾ ഉണ്ടെന്ന് കുണ്ടുസിലെ പ്രാദേശിക സ്രോതസ്സുകളും പത്രപ്രവർത്തകരും പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇന്നലെ ഉച്ചയോടെ ശക്തമായ ഏറ്റുമുട്ടലുകൾ ആരംഭിച്ചു. എല്ലാ സർക്കാർ ആസ്ഥാനങ്ങളും താലിബാന്റെ നിയന്ത്രണത്തിലാണ്.
സൈനിക താവളവും (Military base) വിമാനത്താവളവും മാത്രമാണ് അഫ്ഗാൻ സുരക്ഷാ സേനയുടെ കൈവശമുള്ളതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ 14 മൃതദേഹങ്ങളും പരിക്കേറ്റ മുപ്പതിലധികം ആളുകളെയും ആശുപത്രിയിലേക്ക് കൊണ്ടുപോയതായി കുണ്ടുസിലെ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നിമ്രൂസ്, ജാവ്‌ജൻ പ്രവിശ്യകൾ താലിബാൻ പിടിച്ചെടുത്തിരുന്നു. തുടർന്ന് ഞായറാഴ്ചയാണ് കുണ്ടുസ് പിടിച്ചെടുത്തത്. ശനിയാഴ്ച വൈകുന്നേരം ഷെബർഗാനിലെ നിരവധി താലിബാൻ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം (US Airstrike) നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...