കിരീടധാരണത്തിന് മുന്നേ ബോഡിഗാര്‍ഡിനെ വിവാഹം കഴിച്ച് തായ് രാജാവ്
തായ്‍ലാന്‍ഡ് രാജാവായ മഹാ വജിരലോങ്കോണ്‍ ആണ് തന്‍റെ പേഴ്സണല്‍ ബോഡിഗാര്‍ഡായ യുവതിയെ വിവാഹം കഴിച്ചത്.
ബാങ്കോക്ക്: കിരീടധാരണത്തിന് വളരെ കുറച്ച് ദിവസം മാത്രം ശേഷിക്കെ തന്‍റെ അംഗ രക്ഷകയെ തന്നെ വിവാഹം കഴിച്ച് ഞെട്ടിപ്പിച്ചിരിക്കുകയാണ് തായ് രാജാവ്. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ലയെങ്കിലും തായ് ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഈ വാര്‍ത്ത കേട്ട് ഞെട്ടി എന്നുതന്നെ പറയാം.
തായ്‍ലാന്‍ഡ് രാജാവായ മഹാ വജിരലോങ്കോണ്‍ ആണ് തന്‍റെ പേഴ്സണല്‍ ബോഡിഗാര്‍ഡായ യുവതിയെ വിവാഹം കഴിച്ചത്. ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ ശേഷിക്കെയാണ് രാജകീയ വിവാഹത്തിന്‍റെ ആകസ്മിക അറിയിപ്പുണ്ടായത്. തുടര്‍ന്ന്‍ രാജ്യത്തെ പ്രധാന ടെലിവിഷന്‍ ചാനലുകളെല്ലാം വിവാഹത്തിന്‍റെ ദൃശ്യങ്ങളും സംപ്രേഷണം ചെയ്തു.
വിവാഹത്തിന് ശേഷം യുവതിക്ക് സുതിദ രാഞ്ജി എന്ന് നാമകരണവും ചെയ്തു. ബുധനാഴ്ചയായിരുന്നു 66-കാരനായ തായ് രാജാവ് സുരക്ഷാ ഉദ്യോഗസ്ഥയെ വിവാഹം ചെയ്തത്. വിവാഹം സംബന്ധിച്ച് മുന്നറിയിപ്പുകള്‍ ഒന്നും നല്‍കാതിരുന്ന രാജാവ് അപ്രതീക്ഷിതമായി രാജകീയ വിഞ്ജാപനത്തിലൂടെ വിവാഹവാര്‍ത്ത പുറത്തുവിടുകയായിരുന്നു.
വിവാഹച്ചടങ്ങില്‍ രാജകുടുംബത്തിലെ അംഗങ്ങളും രാജ്യത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. 2016 ഒക്ടോബറില്‍ പിതാവും രാജാവുമായിരുന്ന ഭൂമിബോല്‍ അദുല്യദേജ് മരിച്ചപ്പോഴാണ് 66 കാരനായ മഹാ വജിരലോങ്കോണ്‍ ഭരണാധികാരിയാവുന്നത്. ശനിയാഴ്ച അദ്ദേഹത്തിന്‍റെ ഔദ്യോഗിക സ്ഥാനാരോഹണം നടക്കാനിരിക്കുകയായിരുന്നു.
എയര്‍ഹോസ്റ്റസ് ആയിരുന്ന സുതിദ 2014 ല്‍ ആണ് സുരക്ഷാസേനയിലെത്തുന്നത്. 2016 ല്‍ മഹാ വജിരലോങ്കോണ്‍ അവരെ തന്‍റെ പ്രത്യേക സുരക്ഷാസേനയുടെ ഉപമേധാവിയാക്കി. മൂന്ന് തവണ വിവാഹിതനായ മഹാ വജിരലോങ്കോണ്‍ മൂന്ന്പേരെയും വിവാഹമോചനവും ചെയ്തിരുന്നു. മാത്രമല്ല ഈ ബന്ധത്തില്‍ ഏഴു കുട്ടികളും ഉണ്ട്.