മൂന്നു മലയാളികളടക്കം നൈജീരിയയിൽ കസ്റ്റഡിയിലുളള 26 കപ്പൽ ജീവനക്കാരുടെ മോചനത്തിനുളള അന്താരാഷ്ട്ര ശ്രമം തുടരുന്നതിനിടെ ഇവരെ ഏപ്രിൽ 28 ന് വീണ്ടും കോടതിയിൽ ഹാജരാക്കും. ഏപ്രിൽ 10 നാണ് ഇവരെ മുമ്പ് കോടതിയിൽ ഹാജരാക്കിയത്. അതേസമയം, കോടതിക്ക് പുറത്ത് പ്രശ്നം ഒത്തുതീർപ്പാക്കാൻ കപ്പലുടമകൾ ശ്രമിക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ, ശ്രീലങ്ക, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളളവരാണ് കപ്പൽ ജീവനക്കാരിൽ ഏറെയും. ഈ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ നൈജീരിയൻ സർക്കാരിനു മേൽ മോചനത്തിനുളള നിരന്തര സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. സ്ത്രീധന പീഢനം ആരോപിച്ച് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനായ കൊല്ലം സ്വദേശി വിജിത് ഈ കപ്പലിലെ ജീവനക്കാരനാണ്. വിജിത്തിന് പുറമെ, കൊച്ചി സ്വദേശികളായ ഫസ്റ്റ് ഓഫിസർ സനു ജോസ്, മിൽട്ടൻ എന്നിവരാണ് കസ്റ്റഡിയിലുള്ള കപ്പലിലിലെ മലയാളികൾ. 


ALSO READ: ഓപ്പറേഷൻ കാവേരി; സുഡാനിൽ കുടുങ്ങിയ 278 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു


തെക്കേ ആഫ്രിക്കയിൽ നിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയിൽ നിറക്കാൻ പോയ ഹീറോയിക് ഐഡുൻ എന്ന കപ്പൽ ഓഗസ്റ്റ് 9 നാണ് ഗിനിയൻ നാവിക സേന കസ്റ്റഡിയിലെടുത്തത്. നാവിക സേനയുടെ കപ്പൽ കണ്ട് കടൽക്കൊളളക്കാരെന്നു കരുതി പോകാനൊരുങ്ങുമ്പോൾ പിടികൂടുകയായിരുന്നു. പ്രാഥമിക അന്വേഷണത്തെ തുടർന്ന് 20 ലക്ഷം അമേരിക്കൻ ഡോളർ പിഴയിട്ടു. നോർവെ ആസ്ഥാനമായ ഒ.എസ്.എം മാരിടൈം കമ്പനി തുക അടച്ചെങ്കിലും കപ്പലും ജീവനക്കാരെയും വിട്ടയക്കാതെ ഗിനിയൻ നാവിക സേന കൂടുതൽ അന്വേഷണത്തിനായി നൈജീരിയയ്ക്കു കൈമാറി. അനുമതിയില്ലാതെ എണ്ണ നീക്കം ചെയ്യാൻ ശ്രമിച്ചെന്നും അനധികൃതമായി നൈജീരിയൻ എണ്ണ ടെർമിനലിൽ പ്രവേശിച്ചുവെന്നും ചൂണ്ടിക്കാട്ടി നവംബറിലാണ് ഇവരെ നൈജീരിയയ്ക്ക് കൈമാറിയത്.


കേസ് പരിഹരിക്കാൻ അന്താരാഷ്ട്ര പ്രതിനിധികൾ നൈജീരിയൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നത് തുടരുകയാണ്. കപ്പൽ ജീവനക്കാരെ മോചിപ്പിക്കാനായി അവരുടെ രാജ്യങ്ങളിലെ അംബാസഡർമാർ നൈജീരിയൻ സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കപ്പലിന്റെ ഉടമസ്ഥരായ റേ കേരിയർ കേരിയേഴ്സ്, ഓപ്പറേറ്റർമാരായ ഒഎസ്എം ഷിപ്പ് മാനേജ്‌മെന്റ്, ചാർട്ടർ ബിപി, മാർഷൽ ഐലൻഡ്‌സ് എന്നിവയും, ഒപ്പം  വിവിധ യൂണിയനുകളും ഇന്റർനാഷണൽ ട്രൈബ്യൂണൽ ഫോർ ലോ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് കപ്പൽ ജീവനക്കാരുടെ മോചനത്തിനായി പ്രവർത്തിക്കുന്നുണ്ട്. 


കേസിൽ നിയമപരമായ തീർപ്പുണ്ടാകട്ടെ എന്ന നിലപാടിലാണ് നൈജീരിയ സ‍ർക്കാ‍ർ. ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘനം തുടങ്ങിയ പരാതികളാണ് കപ്പൽ ജീവനക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്. തടവിൽ കഴിയുന്ന കപ്പൽ ജീവനക്കാരുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടിരുന്നു. നൈജീരിയയിൽ നിന്ന് ഇവരെ തിരികെയെത്തിക്കാനുള്ള നിയമ കുരുക്കുകൾ ഒഴിവാക്കാൻ അന്വേഷണം ഇന്ത്യയിലേക്കോ അല്ലെങ്കിൽ ഇക്വറ്റോറിയൽ ഗിനിയിലേക്കോ മാറ്റണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇതിനും നൈജീരിയൻ സർക്കാർ തയ്യാറായിരുന്നില്ല. കപ്പൽ ജീവനക്കാ‍ർ പിടിയിലായി 89 ദിവസങ്ങൾക്ക് ശേഷമാണ് ഈ വിവരം പുറംലോകം അറിഞ്ഞത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.