തായ്ലൻഡിൽ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
തായ്‌ലൻഡിലെത്തിയാല്‍ സ്വന്ത൦ നാട്ടിലെത്തുന്ന പ്രതീതിയാണ് ഉളവാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ബാങ്കോക്ക്: തായ്‌ലൻഡിലെത്തിയാല്‍ സ്വന്ത൦ നാട്ടിലെത്തുന്ന പ്രതീതിയാണ് ഉളവാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
തായ്‌ലൻഡിന്‍റെ പാരമ്പര്യത്തിലും വിശ്വാസത്തിലും ഭാരതീയത നിറഞ്ഞു നില്‍ക്കുന്നു. തായ്‌ലൻഡിലെ രാജകുടുംബത്തിന് ഭാരതവുമായി വളരെ അടുത്തതും ചരിത്രപരവുമായ ബന്ധമാണ് ഉള്ളതെന്നും മോദി പറഞ്ഞു.
മഹാചക്രി രാജകുമാരിയ്ക്ക് സംസ്‌കൃതത്തില്‍ അതീവ പ്രവീണ്യമായിരുന്നുവെന്നും മോദി അനുസ്മരിച്ചു. തന്‍റെ 3 ദിവസത്തെ തായ്‌ലൻഡ് സന്ദര്‍ശനത്തിന്‍റെ ഭാഗമായി പ്രവാസി ഭാരതീയരെ അഭിസംബോധന ചെയ്യവേ ആണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.
ഗുരു നാനാകിന്‍റെ ജന്മവാര്‍ഷിക ദിനാഘോഷത്തിന്‍റെ ഭാഗമായി അനുസ്മരണ നാണയം ചടങ്ങില്‍ പുറത്തിറക്കി.
കൂടാതെ തമിഴ് തിരുക്കറലിന്‍റെ തായ് പരിഭാഷയും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
ആര്‍.സി.ഇ.പി ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലന്‍ഡില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറിന്‍റെ അന്തിമചര്‍ച്ചയാണ് തായ്‌ലന്‍ഡില്‍ നടക്കുക.
തിങ്കളാഴ്ച നടക്കുന്ന ആര്‍.സി.ഇ.പി രൂപീകരണ പ്രഖ്യാപനത്തില്‍ അദ്ദേഹം പങ്കെടുക്കും. ഇതിന് പുറമെ പതിനാറാമത് ആസിയാന്‍ ഉച്ചകോടിയിലും പതിനാലാമത് കിഴക്കനേഷ്യാ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.