ലാൻഡിങ്ങിനിടെ വിമാനത്തിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം
അപകടസമയത്ത് 126 യാത്രക്കാരാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്
വാഷിംഗ്ടൺ: അമേരിക്കയിലെ മിയാമി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. ലാൻഡ് ചെയ്യുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. റെഡ് എയർ ഫ്‌ളൈറ്റ് 203 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് 126 യാത്രക്കാരാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
റെഡ് എയർ എന്ന വിമാനകമ്പനിയുടെ പുത്തൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 2021 നവംബറിലാണ് വിമാനം പ്രവർത്തന ക്ഷമമായെന്നാണ് അധികൃതർ പറയുന്നത്.ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് വിമാനം തീപിടിക്കാൻ കാരണമായതെന്ന് വ്യോമയാന അപകടങ്ങൾ അന്വേഷിക്കുന്ന നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു.
വിമാനത്തിന് തീപിടിക്കുന്നതും ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാർ പരിഭ്രാന്തരായി ഓടിയിറങ്ങുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തീ ആളിക്കത്തുന്നതും വിമാനം നിയന്ത്രണമില്ലാതെ ലാൻഡ് ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. യാത്രക്കാരെ അതിവേഗം രക്ഷപ്പെടുത്തുന്നതിന്റെയും വീഡിയോകൾ ഇതിനൊപ്പം ഉണ്ട്. സമീപത്തുണ്ടായിരുന്ന വിമാനങ്ങളിലെ യാത്രക്കാരാണ് അപകട ദൃശ്യങ്ങൾ പകർത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...