Viral News: ജിപിഎസ് നോക്കി കാറോടിച്ചാൽ ചിലപ്പോൾ ദേ ഇങ്ങനിരിക്കും!!! വീഡിയോ
യുഎസിലെ ഹവായിയിൽ ജിപിഎസ് നോക്കി വാഹനമോടിച്ച രണ്ട് സ്ത്രീകൾ കടലിലേക്ക് ചെന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വാഷിങ്ടൻ: ജിപിഎസ് നോക്കി കാറോടിച്ച അബദ്ധത്തിൽ ചെന്ന് ചാടുന്ന നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലും വാർത്തകളിലും ഒക്കെ മിക്കവാറും കാണാറുള്ളതാണ്. പലപ്പോഴും ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് പോകുമ്പോൾ പലർക്കും വഴിതെറ്റാറുണ്ട്. ഇത് എപ്പോഴും സംഭവിക്കണമെന്നുമില്ല. കൃത്യമായി വഴികാണിച്ച് തരാറുമുണ്ട് ജിപിഎസ് സംവിധാനം. എന്നാൽ ജിപിഎസ് കാരണം വെള്ളം കുടിക്കേണ്ടി വന്ന വിനോദസഞ്ചാരികളുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
യുഎസിലെ ഹവായിയിലാണ് സംഭവം നടന്നത്. ജിപിഎസ് നോക്കി യാത്ര ചെയ്ത വിനോദസഞ്ചാരികൾ കടലിലേക്ക് ചെന്നുവീഴുകയായിരുന്നു. ഹവായിയിലെ ഹാർബർ സന്ദർശിക്കാനെത്തിയ രണ്ടു സ്ത്രീകളാണ് വഴിതെറ്റി കടലിൽ വീണത്. ജിപിഎസ് നോക്കി വാഹനമോടിക്കുന്നതിനിടെ തെറ്റായ ദിശയിലേക്ക് തിരിയുകയും കാർ നേരെ കടലിലേക്ക് ചെന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
വെള്ളത്തിൽ വീണെങ്കിലും ആളപായം ഉണ്ടായില്ല. നല്ല മഴയും ആ സമയത്ത് പെയ്യുന്നുണ്ടായിരുന്നു. മുങ്ങിയ വാഹനത്തെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് കയർ കെട്ടിയാണ് ഉയർത്തിയത്. ശേഷം കാറിലുണ്ടായിരുന്ന സ്ത്രീകളെ പുറത്തെത്തിച്ചു. ഇരുവരും സഹോദരിമാരാണെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...